|

സംസ്ഥാന കായികമേള; സ്കൂളുകൾക്കേർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്കൂൾ കായികമേളയുടെ സമാപന സമ്മേളന വേദിയിൽ പ്രതിഷേധിച്ച സ്കൂളുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് സർക്കാർ. അടുത്ത കായിക മേളയിൽ നിന്നുമാണ് സ്കൂളുകളെ വിലക്കിയിരുന്നത്. പ്രതിഷേധത്തിൽ ഖേദം പ്രകടപ്പിച്ച് സ്കൂളുകൾ നൽകിയ കത്ത് അംഗീകരിച്ചുകൊണ്ടാണ് വിലക്ക് പിൻവലിച്ചതായി മന്ത്രി നിയമസഭയെ അറിയിച്ചത്. നാവമുകുന്ദ, മാർ ബേസിലിൽ സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് പിൻവലിച്ചത്.

പിന്നാല തങ്ങളുടെ അവസരം നിഷേധിക്കരുതെന്ന് കുട്ടികൾ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് നടപടി. കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്നും അതേസമയം കുട്ടികളെ ഉൾപ്പെടുത്തി സമരാഹ്വാനം നടത്തിയ അധ്യാപകർക്കെതിരെ നടപടി കൈക്കൊള്ളുമെന്നും ആന്റണി ജോൺ എം എൽ എ  ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.

‘മലപ്പുറം ജില്ലയിലെ നാവാമുകുന്ദ സ്‌കൂളിന്റെയും എറണാകുളം ജില്ലയിലെ കോതമംഗലം മാർബേസിൽ  സ്‌കൂളിന്റെയും അധികാരികൾ എറണാകുളത്ത് വെച്ച് 2024 നവംബർ 8 മുതൽ 11 വരെ ഒളിമ്പിക്‌സ് മാതൃകയിൽ നടന്ന സംസ്ഥാന സ്‌കൂൾ കായിക മേളയുടെ സമാപന ചടങ്ങിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് കത്ത് നൽകിയിട്ടുണ്ട്. മേലിൽ അത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും, കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെടുകയും ദേശീയ മത്സരങ്ങളിൽ അടക്കം പങ്കെടുക്കേണ്ട കായിക വിദ്യാർത്ഥികൾക്ക് ദോഷകരമായി ബാധിക്കുന്ന നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു,’അതിനാൽ കുട്ടികളുടെ അവസരം നിഷേധിക്കില്ല,’ മന്ത്രി പറഞ്ഞു.

നവംബറിൽ നടന്ന സംസ്ഥാന സ്‌കൂൾ കായികമേള സമാപനച്ചടങ്ങിൽ പോയിൻ്റ് തർക്കത്തെച്ചൊല്ലി വിദ്യാർത്ഥികളും പൊലീസുമായി സംഘർഷം ഉണ്ടായ പശ്ചാത്തലത്തിലത്തിലായിരുന്നു സർക്കാർ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്.

രണ്ടും മൂന്നും സ്ഥാനത്തുവന്ന സ്‌കൂളിനെ തഴഞ്ഞ് മറ്റൊരു സ്‌കൂളിന് ട്രോഫി നല്‍കി എന്നാരോപിച്ചായിരുന്നു വിദ്യാർത്ഥികൾ സമാപനച്ചടങ്ങിൽ പ്രതിഷേധിച്ചത്. മികച്ച സ്‌കൂളുകളുടെ വിഭാഗത്തില്‍ 80 പോയിന്റോടെ ഒന്നാമതെത്തിയത് കടകശ്ശേരി ഐഡിയല്‍ ഇ. എച്ച്. എസ്. എസ്. ആണ്.

ഔദ്യോഗിക സൈറ്റിലെ പോയിന്റ് ടേബിളില്‍ 44 പോയിന്റോടെ തിരുനാവായ നവാമുകുന്ദ എച്ച്. എസ്. എസ്. രണ്ടാം സ്ഥാനത്തെത്തി. 43 പോയിന്റോടെ കോതമംഗലം മാര്‍ ബേസില്‍ മൂന്നാം സ്ഥാനത്തുമെത്തി. എന്നാല്‍ ഇവര്‍ക്ക് പകരം സ്‌പോര്‍ട്‌സ് സ്‌കൂളായ ജി. വി. രാജയെ മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി രണ്ടാം സ്ഥാനം നല്‍കിയെന്നായിരുന്നു ആരോപണം.

Content Highlight: State Sports Festival; The ban imposed on two schools has been lifted