കുട്ടികൾ വേണ്ട എന്ന ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ തീവ്രവാദികളായി പ്രഖ്യാപിക്കണം: റഷ്യൻ എം.പി
World News
കുട്ടികൾ വേണ്ട എന്ന ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ തീവ്രവാദികളായി പ്രഖ്യാപിക്കണം: റഷ്യൻ എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th December 2023, 9:32 am

മോസ്കോ: കുട്ടികൾ വേണ്ട എന്ന ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ നിരോധിക്കണമെന്ന് റഷ്യൻ എം.പി വിറ്റാലി മിലോനോവ്.

കടുത്ത യാഥാസ്തിക, സ്വവർഗാനുരാഗ നിലപാടുകൾ കൊണ്ട് പ്രസിദ്ധനാണ് മിലാനോവ്. ഗോവോറിറ്റ് മോസ്‌കോ റേഡിയോ സ്റ്റേഷന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികൾ ഇല്ലാതെ ജീവിക്കുന്ന ദമ്പതികൾ കുട്ടികളെ വേണ്ടാ എന്ന് വെക്കുകയാണെന്നും അതുകൊണ്ട് അവർക്ക് റഷ്യൻ സമൂഹത്തിൽ യാതൊരു സ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സ്വവർഗാനുരാഗികളുടെയും ലിബറലുകളുടെയും തികച്ചും പ്രകൃതിവിരുദ്ധമായ നിലപാടാണ് ഇത്,’ അദ്ദേഹം പറഞ്ഞു. ഇത്തരം പ്രസ്ഥാനങ്ങളുടേത് തീവ്രവാദമാണെന്നും എന്നാൽ കുട്ടികൾ വേണ്ടാ എന്ന് തീരുമാനിക്കുന്ന വ്യക്തികളെ തീവ്രവാദികളായി കാണേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു.

‘ഇത്തരം പ്രസ്ഥാനങ്ങളുടെ ഇടപെടലില്ലാതെ തന്നെ കുട്ടികൾ വേണ്ട എന്ന് തീരുമാനിക്കുന്നവർ ഉണ്ടായിരുന്നു. എന്നാൽ ഒരു പ്രസ്ഥാനം രൂപപ്പെടുമ്പോൾ അതിന് പ്രോപഗണ്ടയും ഉണ്ടാകും. ഈ പറയുന്ന അന്താരാഷ്ട്ര എൽ.ജി.ബി.ടി.ക്യൂ സംഘടന പോലെ ഇത് ഓറിയന്റേഷൻ ഒന്നുമല്ല, പ്രോപഗണ്ടയാണ്,’ മിലോനോവ് പറഞ്ഞു.

കഴിഞ്ഞ വർഷം കുട്ടികൾ വേണ്ടാ എന്ന പ്രോപഗണ്ട നിരോധിക്കുന്നതിനുള്ള കരട് ബില്ല് റഷ്യൻ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. രണ്ട് പ്രാവശ്യം ഈ ബിൽ തള്ളിക്കളയുകയും പരിഷ്കരിക്കാനായി അയക്കുകയും ചെയ്തു.

സെപ്റ്റംബറിൽ ടാസ് ന്യൂസ്‌ ഏജൻസി നടത്തിയ സർവ്വേയിൽ ജോലി ചെയ്യുന്ന മൂന്നിലൊന്ന് റഷ്യൻ ജനങ്ങളും ബില്ലിനെ പിന്തുണയ്ക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. കുട്ടികൾ വേണോ വേണ്ടയോ എന്നത് വ്യക്തിപരമായ താത്പര്യമാണെന്നും പൗരന്മാരുടെ സ്വകാര്യ ജീവിതത്തിൽ സർക്കാർ ഇടപെടരുത് എന്നുമായിരുന്നു സർവേയിൽ പങ്കെടുത്ത ആളുകളുടെ വാദം.

പ്രായപൂർത്തി ആകാത്ത കുട്ടികൾക്ക് എൽ.ജി.ബി.ടി.ക്യു മറ്റീരിയലുകളുമായി സമ്പർക്കം ഉണ്ടാകരുതെന്ന ‘ഗേ പ്രോപഗണ്ട’ നിയമം പാർലമെന്റിൽ പാസാക്കാൻ മുൻകൈ എടുത്തത് മിലോനോവായിരുന്നു.

മേൽവസ്ത്രം ധരിക്കാതെ പുരുഷന്മാർ തെരുവിലൂടെ നടക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ നിയമം കൊണ്ടുവന്നതും ഇദ്ദേഹമായിരുന്നു.

കഴിഞ്ഞ മാസം ഇന്റർനാഷണൽ എൽ.ജി.ബി.ടി പബ്ലിക് മൂവ്മെന്റിനെ റഷ്യൻ സുപ്രീം കോടതി തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു.

Content Highlight: State should label childfree movement extremist – Russian MP