സ്‌കൂള്‍ കായിക മേളയ്ക്ക് നാളെ തുടക്കം
DSport
സ്‌കൂള്‍ കായിക മേളയ്ക്ക് നാളെ തുടക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd December 2012, 5:04 pm

തിരുവനന്തപുരം: കൗമാര കേരളത്തിന്റെ കായിക കുതിപ്പിന് നാളെ തിരുവന്തപുരത്ത് തുടക്കം.  ഡിസംബര്‍ 4 മുതല്‍ 7 വരെയാണ് കായികമേള നടക്കുക. നാളെ വൈകുന്നേരം മൂന്നരയ്ക്ക് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് കായികമേള ഉദ്ഘാടനം ചെയ്യും. []

1375 ആണ്‍കുട്ടികളും 1272 പെണ്‍കുട്ടികളും ഉള്‍പ്പടെ 95 ഇനങ്ങളിലായി 2700ഓളം മത്സരാര്‍ത്ഥികളാണ് മീറ്റില്‍ പങ്കെടുക്കുന്നത്. 17 ഇടങ്ങളിലാണ് കുട്ടികള്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.

കായികമേളയുടെ വിളംബര ദീപശിഖാ പ്രയാണം എറണാകളും മഹാരാജാസ് കോളേജില്‍നിന്നും ഇന്ന് വൈകീട്ട് ആരംഭിച്ച് നാളെ രാവിലെ ജില്ലാ അതിര്‍ത്തിയായ കല്ലമ്പലത്ത് എത്തിച്ചേരും.

ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകുന്നേരം നാലിന് പി.എം.ജി. ജങ്ഷനില്‍ എത്തും. തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് താരം ഷര്‍മ്മി ഉലഹന്നാന്‍ ദീപശിഖ ഏറ്റുവാങ്ങും.

ഉദ്ഘാടനത്തിന് സ്‌കൂള്‍കുട്ടികളുടെ ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാപരിപാടികളും  കരസേനയുടെ മദ്രാസ്, ജമ്മുകാശ്മീര്‍ റജിമെന്റുകള്‍ അവതരിപ്പിക്കുന്ന ബാന്‍ഡ് വിത് ഡിസ്‌പ്ലേയും ഉണ്ടായിരിക്കും.

മേളയില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തേജക മരുന്ന് പരിശോധനയ്ക്കായി കേന്ദ്ര ഏജന്‍സിയായ നാഡയുടെ സേവനവും മീറ്റിലുണ്ടാകും.