| Friday, 6th January 2023, 8:02 am

കലോത്സവത്തിലും ത്രികോണ മത്സരം; നെഞ്ചിടിപ്പിന്റെ താളം മുറുകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സുവര്‍ണ കിരീടത്തിനായുള്ള പോരാട്ടത്തില്‍ മുറുകുന്നു. കണ്ണൂരും പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ച് മത്സരത്തിലാണ്.

കഴിഞ്ഞ ദിവസം മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 683 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. തൊട്ടുപിന്നില്‍ 679 പോയിന്റുമായി പാലക്കാടും കോഴിക്കോടും ശക്തമായ വെല്ലുവിളിയാണുയര്‍ത്തുന്നത്.

651 പോയിന്റുമായി തൃശൂരും 642 പോയിന്റുമായി തിരുവനന്തപുരമാണ് ഇവര്‍ക്ക് പിന്നില്‍.

സ്‌കൂളുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഇ.എം. ഗേഴസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് മുന്നില്‍ (122 പോയിന്റ്). പാലക്കാട് ഗുരുകുലം 111 പോയിന്റുമായി രണ്ടാമതും കണ്ണൂര്‍ സെന്റ് തെരാസ് സ്‌കൂള്‍ 98 പോയിന്റുമായി മൂന്നാമതുമാണ്.

ആകെയുടെ 239 ല്‍ 174 ഇനങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 96ല്‍ 69ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 78, ഹൈസ്‌കൂള്‍ അറബിക്- 19ല്‍ 14, ഹൈസ്‌കൂള്‍ സംസ്‌കൃതം- 19ല്‍ 13ഉം ഇനങ്ങളാണ് പൂര്‍ത്തിയായത്.

നാലാം ദിനമായ വെള്ളയാഴ്ച 54 മത്സരങ്ങള്‍ നടക്കും. ഹൈസ്‌കൂള്‍ വിഭാഗം സംഘനൃത്തം, നാടകം, ഭരതനാട്യം, നാടോടി നൃത്തം, ചവിട്ട് നാടകം, പരിചമുട്ട് കളി, ഹയര്‍സെക്കന്‍ഡറി വിഭാഗം തിരുവാതിര കളി, തായമ്പക, കേരള നടനം തുടങ്ങിയ ഇനങ്ങളാണ് നാലാം ദിനത്തില്‍ വേദിയിലെത്തുക.

അതേസമയം, സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം വിദ്യാഭ്യാസ ഉപ ഡയറക്ടറാണ് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ കലോത്സവത്തില്‍ പങ്ക് കൊള്ളുന്നതിന് വേണ്ടിയാണ് അവധി പ്രഖ്യാപിച്ചതെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി. മനോജ്കുമാര്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വിദ്യാലയങ്ങള്‍ക്കെല്ലാം അവധി ആയിരിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight: State School Kalolsavam; Kannur district Lead the point table

We use cookies to give you the best possible experience. Learn more