സ്‌കൂള്‍ കായിക മേള : പി.യു ചിത്രയ്ക്ക് ദേശീയ റെക്കോഡോടെ മൂന്നാം സ്വര്‍ണം
DSport
സ്‌കൂള്‍ കായിക മേള : പി.യു ചിത്രയ്ക്ക് ദേശീയ റെക്കോഡോടെ മൂന്നാം സ്വര്‍ണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th December 2012, 9:49 am

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിലെ മൂന്നാം ദിനം തുടങ്ങിയത് റെക്കോഡുകളിലൂടെയാണ്.  മീറ്റില്‍ ആദ്യ ഇരട്ട സ്വര്‍ണം സ്വന്തമാക്കിയത് പാലക്കാട് മുണ്ടൂര്‍ എച്ച്.എസിലെ പി.യു. ചിത്രയാണ് ഇന്ന് മൂന്നാം സ്വര്‍ണം നേടിയത്.[]

ഇന്നു വീണ്ടും സ്വര്‍ണമണിഞ്ഞാണ് ചിത്ര മേളയിലെ താരമായത്. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് ചിത്ര മൂന്നാം സ്വര്‍ണം നേടിയത്.

ദേശീയ റെക്കാര്‍ഡ് മറികടക്കുന്ന പ്രകടനമാണ് ചിത്ര പുറത്തെടുത്തത്. 4.31.78 മിനിറ്റിലാണ് ചിത്ര ഫിനിഷ് ചെയ്തത്. 2005ല്‍ കേരളത്തിന്റെ ജിജി മോള്‍ ജേക്കബ് സ്ഥാപിച്ച റെക്കാര്‍ഡാണ് ചിത്ര ഇന്ന് മറികടന്നത്.

ഇന്നലെ രാവിലെ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 5,000 മീറ്ററിലും കഴിഞ്ഞ ദിവസം നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്റര്‍ ഓട്ടത്തിലും ചിത്ര സ്വര്‍ണം സ്വന്തമാക്കിയിരുന്നു.

മേളയുടെ ആദ്യ ദിനം ജൂനിയര്‍ വിഭാഗത്തില്‍ 3000 മീറ്റര്‍ ഓട്ടത്തില്‍ സംസ്ഥാന റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ പാലക്കാട് പറളി സ്‌കൂളിലെ മുഹമ്മദ് അഫസല്‍ 1500 മീറ്ററില്‍ ദേശീയ റെക്കാര്‍ഡ് മറികടന്നു. സമയം: 3മിനിറ്റ് 59 സെക്കന്‍ഡ്.

ഇന്ന് 33 ഫൈനലുകളാണ് നടക്കാനുള്ളത്. മീറ്റില്‍ പാലക്കാട് മൂന്നേറ്റം തുടരുകയാണ്.

56ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയവും സെന്‍ട്രല്‍ സ്‌റ്റേഡിയവുമാണ് ചൊവ്വാഴ്ച മുതല്‍ നാല് ദിവസം വേദിയാവുന്നത്.

സംസ്ഥാനത്തെ 14 ജില്ലകളില്‍നിന്നുമായി 2700 ഓളം താരങ്ങളാണ് കായിക മേളയില്‍ മാറ്റുരക്കുന്നത്