ഖുര്‍ആനും ബൈബിളും നീക്കി; കോഴിക്കോട് എന്‍.ഐ.ടിയുടെ നടപടിയില്‍ റിപ്പോര്‍ട്ട് തേടി ന്യൂനപക്ഷ കമ്മീഷന്‍
Kerala News
ഖുര്‍ആനും ബൈബിളും നീക്കി; കോഴിക്കോട് എന്‍.ഐ.ടിയുടെ നടപടിയില്‍ റിപ്പോര്‍ട്ട് തേടി ന്യൂനപക്ഷ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th April 2024, 11:16 am

തിരുവനന്തപുരം: ലൈബ്രറിയില്‍ നിന്ന് ഖുര്‍ആനും ബൈബിളും മലയാള പുസ്തകങ്ങളും നീക്കം ചെയ്ത കോഴിക്കോട് എന്‍.ഐ.ടിയുടെ നടപടിയില്‍ റിപ്പോര്‍ട്ട് തേടി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. എന്‍.ഐ.ടി ഡയറക്ടര്‍, രജിസ്ട്രാര്‍, മാനവ വിഭവ ശേഷി മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ എന്നിവരോടാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

ലൈബ്രറിയില്‍ നിന്ന് ഖുര്‍ആന്‍ മലയാളപരിഭാഷ, ഇസ്‌ലാമിക സാഹിത്യങ്ങള്‍, ബൈബിള്‍, മലയാള സാഹിത്യം തുടങ്ങിയവ നീക്കം ചെയ്ത തീരുമാനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കമീഷന്റെ നടപടി. ഏപ്രില്‍ 29ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങില്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

ലൈബ്രേറിയന്‍ ഖുര്‍ആന്‍ എടുത്ത് മാറ്റാന്‍ പറഞ്ഞുവെന്നും അത് ഇവിടെ വെക്കേണ്ട സാധനമല്ലെന്നും പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുസ്തകങ്ങള്‍ നീക്കം ചെയ്തതുകൂടാതെ ഡി.സി ബുക്‌സിന് നല്‍കിയ പര്‍ച്ചേയ്സ് ഓര്‍ഡറും എന്‍.ഐ.ടി കാന്‍സലാക്കി.

ക്യാമ്പസ് ലൈബ്രറിയില്‍ രാമായണവും മഹാഭാരതവും ഭഗവത് ഗീതയും മാത്രം സൂക്ഷിച്ചാല്‍ മതിയെന്ന് എന്‍.ഐ.ടി രജിസ്ട്രാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനുപകരം സംഘപരിവാര്‍ സ്ഥാപനങ്ങളില്‍നിന്ന് പുസ്തകം വാങ്ങാനാണ് നിര്‍ദേശം. പിന്നാലെ ക്യാമ്പസിലെ പര്‍ച്ചേയ്സ് കമ്മിറ്റിയെ പിരിച്ചുവിടുകയും ചെയ്തു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍, അസി. രജിസ്ട്രാര്‍ തസ്തികയിലേക്ക് എഴുത്തുപരീക്ഷ നടത്താനും എന്‍.ഐ.ടി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലൈബ്രറിയിലെ താത്കാലിക ജീവനക്കാരെ ശമ്പളം നല്‍കാതെ എന്‍.ഐ.ടി പിരിച്ചു വിട്ടതായും പരാതിയുണ്ട്. മാര്‍ച്ച് 28ന് ജീവനക്കാരുടെ കരാര്‍ കാലാവധി അവസാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിട്ടത്. ആദ്യ ഘട്ടത്തില്‍ എന്‍.ഐ.ടി അധികൃതര്‍ പിരിച്ചുവിട്ട ജീവനക്കാര്‍ മുസ്‌ലിം വിഭാഗത്തില്‍ പെടുന്നവരുമായിരുന്നു.

Content Highlight: State Minority Commission seeks report on Kozhikode NIT’s action of removing Quran, Baible and Malayalam books