| Monday, 17th June 2019, 11:28 pm

'ഉറങ്ങുകയല്ല, കണ്ണടച്ച് ആലോചിക്കുകയായിരുന്നു'; ബീഹാറിലെ കുട്ടികളുടെ മരണം ചര്‍ച്ച ചെയ്ത വാര്‍ത്താസമ്മേളനത്തില്‍ ഉറങ്ങിയില്ലെന്ന് വാദിച്ച് കേന്ദ്ര മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്ന: ബിഹാറിലെ മുസാഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ചതിനെക്കുറിച്ചുള്ള വാര്‍ത്താസമ്മേഷനത്തിനിടെ ഉറങ്ങിയെന്ന ആരോപണം നിഷേധിച്ച് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ. വാര്‍ത്താ സമ്മേളനത്തിനിടെ താന്‍ ഉറങ്ങുകയല്ലായിരുന്നെന്നും കണ്ണടച്ച് ധ്യാനിക്കുകയും ആലോചിക്കുകയുമായിരുന്നെന്നാണ് ചൗബേയുടെ വാദം.

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ബീഹാറിലെത്തി ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിവരിക്കുന്നതിനിടെയായിരുന്നു അശ്വിനികുമാര്‍ ഉറങ്ങിയത്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും പ്രചരിച്ചിരുന്നു. ആരോഗ്യസഹമന്ത്രിയുടെ നിരുത്തവാദിത്വപരമായ പെരുമാറ്റത്തിനെതിരെ ആര്‍.ജെ.ഡി രംഗത്തെത്തിയിരുന്നു.

എന്നാല്‍, താന്‍ ഉറങ്ങുകയായിരുന്നെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും താന്‍ ചിന്താകുലനായി ധ്യാനിക്കുകയായിരുന്നെന്നുമാണ് അശ്വിനിയുടെ പ്രതികരണം. പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരുന്നു അശ്വിനികുമാറിന്റെ പ്രതികരണം.

കുട്ടികളുടെ കൂട്ടമരണമുണ്ടായിട്ടും ബീഹാറില്‍നിന്നുള്ള അശ്വനി കുമാര്‍ ചൗബേ ഇടപെടാന്‍ വൈകിയത് ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പൊട്ടിത്തെറിച്ചു. വാക്കേറ്റം രൂക്ഷമായതോടെ അശ്വിനികുമാറിന്റെ കയ്യില്‍നിന്ന് ഹര്‍ഷ വര്‍ധനന്‍ മൈക്ക് പിടിച്ചുമാറ്റാനും കയ്യില്‍ പിടിച്ച് നിയന്ത്രിക്കാനും ഹര്‍ഷ വര്‍ധന്‍ ശ്രമിച്ചു.

അതേസമയം, രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ ക്രിക്കറ്റ് സ്‌കോര്‍ ചോദിച്ചതും വിവാദമായിക്കൊണ്ടിരിക്കുകയാണ്. യോഗത്തിനിടെ മന്ത്രി സ്‌കോര്‍ തിരക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ സാമൂഹ്യമാധ്യമങ്ങളില്‍ ഇത് ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു.

ഞായറാഴ്ച നടന്ന ഇന്ത്യ-പാക് മത്സരത്തില്‍ ‘എത്ര വിക്കറ്റുകള്‍ വീണു’ എന്നു മന്ത്രി ചോദിക്കുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തു. കൂടെയുള്ള ഒരാള്‍ ‘നാല് വിക്കറ്റുകള്‍’ എന്നു മന്ത്രിക്കു മറുപടിയും നല്‍കുന്നുണ്ട്.

ബിഹാറിലെ മുസാഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് എണ്‍പതോളം കുട്ടികളാണ് ഇതുവരെ മരിച്ചത്. ഒട്ടേറെപ്പേര്‍ അസുഖം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ക്കഴിയുകയാണ്. അസുഖത്തിന്റെ യഥാര്‍ഥകാരണം പോലും കണ്ടെത്താന്‍ ഇതുവരെ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല.

We use cookies to give you the best possible experience. Learn more