Kerala News
സംസ്ഥാന ബി.ജെ.പിയില്‍ തര്‍ക്കം രൂക്ഷമാകുന്നു; വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ഒഴിവായി സംസ്ഥാന നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 10, 02:24 pm
Sunday, 10th October 2021, 7:54 pm

തിരുവനന്തപുരം: നേതൃത്വ പുനസംഘടനയ്ക്ക് പിന്നാലെ കേരള ബി.ജെ.പിയില്‍ തര്‍ക്കം രൂക്ഷമാകുന്നു. പ്രതിഷേധത്തിന് പിന്നാലെ ബി.ജെ.പിയുടെ ചാനല്‍ ചര്‍ച്ച പാനലിസ്റ്റുകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും സംസ്ഥാന നേതാക്കള്‍ പുറത്തുപോയി.

എ.എന്‍. രാധാകൃഷ്ണന്‍, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ് എന്നിവരാണ് ഗ്രൂപ്പില്‍ നിന്ന് ഒഴിവായത്. സംസ്ഥാന പുനസംഘടനയ്ക്ക് പിന്നാലെ ദേശീയ നിര്‍വാഹകസമിതിയില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെ ഒതുക്കിയതിനെച്ചൊല്ലിയാണ് ബി.ജെ.പിയില്‍ പ്രതിഷേധം ശക്തമായത്.

സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശോഭാ സുരേന്ദ്രനെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയതും പി.കെ. കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവ് മാത്രമാക്കി ഒതുക്കിയതും വി. മുരളീധരന്‍- കെ. സുരേന്ദ്രന്‍ ദ്വയത്തിന്റെ നീക്കമാണെന്നാണ് ആക്ഷേപം.

സംസ്ഥാന പുനസംഘടനയിലും മുരളീധരപക്ഷത്തുള്ളവര്‍ക്ക് മേല്‍ക്കോയ്മ ലഭിച്ചിരുന്നു. പുനസംഘടനയോടെ ബി.ജെ.പിയില്‍ കെ. സുരേന്ദ്രന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക വിഭാഗം ശക്തരായെന്നാണ് വിലയിരുത്തല്‍.

സംസ്ഥാന ഘടകത്തില്‍ പി.കെ. കൃഷ്ണദാസ് പക്ഷത്തിന് വലിയ തിരിച്ചടിയാണുണ്ടായത്. അഞ്ചു ജില്ലാപ്രസിഡന്റുമാര്‍ക്ക് സ്ഥാനം തെറിച്ചു. വിമതശബ്ദങ്ങളെ ഒട്ടും കണക്കിലെടുക്കേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിനു ലഭിച്ച കേന്ദ്രനിര്‍ദേശം.

ഗ്രൂപ്പുകള്‍ക്ക് അതീതനായ കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം നിര്‍വാഹകസമിതിയില്‍ പരിഗണിച്ചപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പാര്‍ട്ടിയിലെത്തിയ ഇ. ശ്രീധരനൊപ്പമാണ് മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവാക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

State leaders left from BJP Kerala WhatsApp group