| Thursday, 4th October 2012, 10:30 am

സദാചാര ഗുണ്ടായിസത്തിനെതിരെ പൊതുജനങ്ങളെ ബോധവത്ക്കരിക്കും: മനുഷ്യാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സദാചാര പോലീസിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ചിലരുടെ മാനസികവൈകല്യവും ക്രിമിനല്‍ മനോഭാവവുമാണ് സദാചാര ഗുണ്ടായിസത്തിന് പിന്നിലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി.കോശി അഭിപ്രായപ്പെട്ടു.

സദാചാര പോലീസ് ഗുണ്ടായിസത്തിനെതിരെ സംസ്ഥാനവ്യാപകമായി മനുഷ്യാവകാശ കമ്മീഷന്‍ ബോധവത്ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുമെന്നും ആദ്യഘട്ടത്തില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും പിന്നീട് ഗ്രാമസഭകള്‍ കേന്ദ്രീകരിച്ചും ബോധവത്ക്കരണ സെമിനാറുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.[]

പകല്‍ മാന്യന്മാരാണ് പലയിടത്തും ഇത്തരത്തില്‍ ഗുണ്ടായിസം നടത്തുന്നതെന്നും മുന്‍ വൈരാഗ്യവും മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമവും ഇതിന് പിന്നിലുണ്ടെന്നും ജസ്റ്റിസ് കോശി പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ജെ.ബി കോശി ഇക്കാര്യം പറഞ്ഞത്.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ലഭിക്കുന്ന പരാതികളില്‍ അറുപത് ശതമാനവും സദാചാര ഗുണ്ടായിസത്തിനെതിരെയുള്ളതാണെന്നും ഇതില്‍ ഭൂരിഭാഗവും പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ത്താലിനെ പറ്റിയുള്ള തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താലിനെതിരെ ഭാവിയില്‍ ജനം പ്രതികരിച്ചേക്കുമെന്നാണ് താന്‍ പറഞ്ഞത്. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ തന്റെ പരാമര്‍ശത്തെ തെറ്റിദ്ധരിച്ചതായി കരുതുന്നില്ലെന്നും ഹര്‍ത്താലിന് പകരം മറ്റ് മാര്‍ഗങ്ങള്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിക്കണമെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞതെന്നും ജസ്റ്റിസ് കോശി പറഞ്ഞു.

ഹര്‍ത്താല്‍ മൂലം വലയുന്നത് പൊതുജനമാണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള രണ്ട് കേസുകള്‍ കമ്മീഷന്റെ പരിഗണനയില്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more