തിരുവനന്തപുരം: കേരള രാജ്ഭവനിലെ താത്കാലിക ജീവനക്കാരനായിരുന്ന ആദിവാസി യുവാവിനെ മര്‍ദിച്ചതിലും അസ്വാഭാവിക മരണത്തിലും കേസെടുത്ത് സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍. ആദിവാസി ജീവനക്കാരനായ വിജേഷ് എന്ന യുവാവിനെ ഉന്നത ഉദ്യോഗസ്ഥര്‍ ജാതീയമായി അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്.
രാജ്ഭവനിലെ ഡെപ്യൂട്ടി സെക്രട്ടറിയായ മധു, കൃഷി വകുപ്പ് സൂപ്പര്‍വൈസര്‍ ബൈജു നായര്‍, അശോകന്‍ എന്നീ ഉദ്യോഗസ്ഥരാണ് യുവാവിനെ മര്‍ദിച്ചത്. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജേഷിന്റെ മാതാപിതാക്കള്‍ എസ്.സി, എസ്.ടി കമ്മീഷനും വിതുര പൊലീസിനും പരാതി നല്‍കിയിരുന്നു.
സമാനമായ ജാതീയ അധിക്ഷേപം നേരിട്ടതായി രാജ്ഭവനിലെ മറ്റൊരു ആദിവാസി ജീവനക്കാരനായ ഗോപാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ഗോപാലകൃഷ്ണനെ പുറത്താക്കിയതായി രാജ്ഭവന്‍ ഡെപ്യൂട്ടി സെക്രട്ടറി മധു ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിഷയത്തില്‍ ഇടപെടുകയും ഗോപാലകൃഷ്ണനെ തിരിച്ചെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരിക്കുന്നത്.
രാജ്ഭവനില്‍ 12 വര്‍ഷമായി കാഷ്വല്‍ ലേബര്‍ തസ്തികയില്‍ തൊഴിലെടുക്കുകയായിരുന്നു വിതുര സ്വദേശി വിജേഷ് കാണി. രാജ്ഭവനിലെ ചില ഉദ്യോഗസ്ഥരും ജീവനക്കാരും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി വിജേഷ് സൂചിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു.
വൃക്ക സംബന്ധമായ അസുഖത്തില്‍ ചികിത്സയിലായിരുന്ന വിജേഷിനെ കഠിനമായ ജോലികള്‍ നല്‍കരുതെന്ന് അഭ്യര്‍ഥിച്ചിട്ടും നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ചിരുന്നതായി മറ്റു ജീവനക്കാര്‍ പറഞ്ഞിരുന്നു. ഉദ്യോഗസ്ഥര്‍ പരാതിക്കാരായ വിജേഷിന്റെ മാതാപിതാക്കളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.
വിജേഷ് മരിച്ചശേഷം ചില ജീവനക്കാര്‍ വീട്ടിലെത്തി പണം നല്‍കിയതിനുശേഷം ആരോടും ഒന്നും പറയരുതെന്ന് താക്കീത് ചെയ്തുവെന്നും മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടി. ശാരീരികമായി ബുദ്ധിമുട്ട് നേരിട്ട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വിജേഷ് ഒക്ടോബര്‍ 24ന് മരിച്ചു. ഒരു മാസം കഴിഞ്ഞിട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ല.
Content Highlight: State Human Rights Commission has registered a case over the death of a temporary tribal employee at Raj Bhavan