കൊച്ചി: വാഹന പരിശോധനക്കിടെ പൊലീസ് പിടികൂടിയ ഇരുമ്പനം സ്വദേശി മനോഹരന്റെ മരണത്തില്‍ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കേസില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.
വാഹന പരിശോധനക്കിടെ മനോഹരനെ പൊലീസ് മര്‍ദിച്ചെന്ന ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. കേസില്‍ ആരോപണ വിധേയനായ ഹില്‍ പാലസ് സ്റ്റേഷനിലെ എസ്.ഐ ജിമ്മി ജോസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ മനുഷ്യാവകാശ കമ്മീഷനും അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
കൈകാണിച്ചിട്ടും വണ്ടി നിര്‍ത്തിയില്ലെന്നാരോപിച്ചാണ് ഹില്‍പാലസ് പൊലീസ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. സ്‌റ്റേഷനിലെത്തിയ മനോഹരന്‍ കുഴഞ്ഞ് വീണെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ക്രൂരമായ മര്‍ദനമാണ് മനോഹരന് നേരെ ഉണ്ടായതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷിയും മുന്നോട്ട് വന്നു.
ഹെല്‍മെറ്റ് ഊരിയതിന് പിന്നാലെ മനോഹരന്റെ മുഖത്ത് ശക്തിയായി അടിക്കുന്നത് കണ്ടെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന രത്‌നമ്മയാണ് മൊഴി നല്‍കിയത്. പേടിച്ചിട്ടാണ് വാഹനം നിര്‍ത്താത്തതെന്ന് മനോഹരന്‍ വിളിച്ചു പറഞ്ഞെങ്കിലും ക്രൂരമായി പൊലീസ് മര്‍ദ്ദനം തുടര്‍ന്നെന്നും ആരോപണമുയരുന്നുണ്ട്.
സ്റ്റേഷനില്‍ കുഴഞ്ഞു വീണ മനോഹരനെ ആദ്യം തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ക്രൈം ബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെയാണ് മനുഷ്യാവകാശ കമ്മീഷനും കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് ജനകീയ സമിതി ഹില്‍ പാലസ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. മനോഹരന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Content Highlight: state human right committee took action against police in manoharan death