തിരുവനന്തപുരം: 45 വയസ്സിന് മുകളിലുള്ള കിടപ്പുരോഗികളുടെ വാക്‌സിനേഷനുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. 45 വയസിന് മുകളിലുള്ള കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ എത്തി വാക്‌സിന്‍ നല്‍കാനാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കൊവിഡില്‍ നിന്നും കിടപ്പുരോഗികള്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് വീടുകളില്‍ പോയി വാക്‌സിന്‍ എടുക്കാനുള്ള തീരുമാനത്തിലെത്തിയത്. ഇവരുടെ വാക്‌സിനേഷന്‍ പ്രക്രിയ ഏകീകൃതമാക്കാനാണ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.
45 വയസ്സിന് താഴെയുള്ള കിടപ്പുരോഗികളെ വാക്‌സിനേഷന്റെ മുന്‍ഗണനാ പട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. അവര്‍ക്കും ഇതേ മാര്‍ഗനിര്‍ദേശമനുസരിച്ച് വാക്‌സിന്‍ നല്‍കും.
ഓരോ ആരോഗ്യ സ്ഥാപനത്തിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള 45 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ കിടപ്പുരോഗികളുടെയും പട്ടിക തയ്യാറാക്കുകയും അവര്‍ വാക്‌സിനേഷന് തയ്യാറാണോ എന്ന് കണ്ടെത്തുകയും ചെയ്യും.
രോഗിയില്‍ നിന്നും സമ്മതം വാങ്ങിയ ശേഷമായിരിക്കും വാക്‌സിനേഷന്‍ നല്‍കുക. ദൈനംദിന ഗൃഹപരിചരണ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഇവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.
എല്ലാ വാക്‌സിനേഷന്‍ ടീം അംഗങ്ങളും കൊവിഡ് പ്രോട്ടോകോളും പി.പി.ഇ. കിറ്റും സുരക്ഷാ മാര്‍ഗങ്ങളും പാലിക്കണമെന്നും നിര്‍ദേശത്തില്‍ വിശദീകരിക്കുന്നു.
വാക്‌സിന്‍ നല്‍കിയ ശേഷം അരമണിക്കൂറോളം രോഗിയെ നിരീക്ഷിക്കേണ്ടതാണ്. വാക്‌സിനേഷന്‍ സമയത്ത് ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യമുണ്ടായാല്‍ ഉപദേശത്തിനായി സര്‍ക്കാര്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണം, തുടങ്ങി വാക്‌സിനേഷനായുള്ള എല്ലാ പ്രോട്ടോകോളുകളും ശരിയായി പിന്തുടരേണ്ടതാണെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: State Health Ministry issued instruction of covid vaccination in bed ridden patients above 45 year old