| Sunday, 23rd August 2020, 9:44 am

'രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ ഇതുവരെ കൊവിഡ് ടെസ്റ്റ് നടത്തിയിട്ടില്ല; കുടുംബാംഗങ്ങളെ കണ്ടിട്ട് രണ്ട് മാസം': മന്ത്രി കെ.കെ.ശൈലജയുടെ ഒരു ദിവസം ഇങ്ങനെ...

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ കൊറോണ പ്രതിരോധത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ആരോഗ്യ മന്ത്രിയുടെ ഒരു ദിവസം എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണ പ്രതിരോധത്തിന് ജനങ്ങളോട് പാലിക്കാന്‍ പറയുന്ന എല്ലാ നിര്‍ദ്ദേശങ്ങളും ഞാനും പാലിക്കുന്നു. സാമൂഹിക അകലം പാലിക്കാനും, കൈകള്‍ കഴുകാനും, മാസ്‌ക് ധരിക്കാനും ജനങ്ങളോട് പറയുന്നതുപോലെ തന്നെ ഞാനും പാലിക്കുന്നു. ഓഫീസില്‍ വരെ മാസ്‌ക് ധരിച്ച് മാത്രമേ ഇടപെഴകാറുള്ളു. ആളുകളോട് സംസാരിക്കുമ്പോള്‍ രണ്ട് മീറ്റര്‍ അകലം കൃത്യമായി പാലിക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം താനിതുവരെ കൊവിഡ് ടെസ്റ്റ് നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇതുവരെ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിട്ടില്ല. നാലു ദിവസം സെല്‍ഫ് ക്വാറന്റീനില്‍ പോയിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

ആശുപത്രികളും കണ്ടൈന്‍മെന്റ് സോണുകളും സന്ദര്‍ശിക്കുമ്പോള്‍ എന്‍95 മാസ്‌ക്കാണ് ധരിക്കുന്നത്. ഗൗസ്സിന് പകരം സ്ഥിരമായി സാനിറ്റൈസറാണ് താന്‍ ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൊറോണ വൈറസ് പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതിനു ശേഷം തന്റെ ഓഫീസിലെ 25 ജോലിക്കാരില്‍ പകുതി പേര്‍ മാത്രമേ വരുന്നുള്ളൂ എന്ന് അവര്‍ പറയുന്നു. ഓഫീസ് എന്നും സാനിറ്റൈസ് ചെയ്യും.

ആരോഗ്യ വകുപ്പ് സെക്രട്ടറിയും ഹെല്‍ത്ത് ഡയറക്ടറുമായി എന്നും കൂടിക്കാഴ്ച നടത്താറുണ്ട്, അപ്പോഴും രണ്ട് മീറ്റര്‍ സാമൂഹിക അകലം എന്നത് കൃത്യമായി പാലിക്കും. എല്ലാ ദിവസവും ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരുമായി രാത്രി ഏഴു മുതല്‍ 10 മണിവരെ ഓണ്‍ലൈന്‍ കൂടിക്കാഴ്ചകള്‍ നടത്തുന്നുമുണ്ട്- അവര്‍ പറയുന്നു

കൊവിഡ് തുടങ്ങിയതിനു ശേഷം കുടുംബാഗംങ്ങളെ കാണാന്‍ കഴിയാറില്ല. രണ്ട് മാസത്തോളമായി കുടുംബത്തെ കണ്ടിട്ട്. സാധാരണ ആഴ്ചയില്‍ രണ്ട് ദിവസം അവരെ കാണാനായി പോകുമായിരുന്നു.

കൊറോണ വ്യാപനം രൂക്ഷമായതില്‍ പിന്നെ പോയിട്ടില്ല. ഇപ്പോള്‍ ഏകദേശം രണ്ട് മാസത്തോളമായി വീട്ടില്‍പ്പോയിട്ട്. കുടുംബാംഗങ്ങളെ കണ്ടിട്ട്.

പത്ത് മണി കഴിയുമ്പോഴാണ് ഓഫീസില്‍ നിന്ന് എത്തുന്നത്. അത് കഴിഞ്ഞാണ് കുടുംബാംഗങ്ങളോട് ഫോണിലൂടെ സംസാരിക്കാന്‍ കഴിയുന്നത്. പേരക്കുട്ടിയോട് സംസാരിക്കുന്നത് പലപ്പോഴും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. അവള്‍ വരച്ച ചിത്രങ്ങളൊക്കെ കാണിക്കും- മന്ത്രി പറയുന്നു.

കൊവിഡ് പ്രതിരോധത്തെ പറ്റിയുള്ള കാര്യങ്ങള്‍ ഒരിക്കലും മനസ്സില്‍ നിന്ന് വിട്ടുപോകാറില്ല. ഉറങ്ങാന്‍ പോകുമ്പോള്‍ വരെ കൊവിഡ് ബാധിച്ച് മരിച്ചവരെ പറ്റിയാണ് ഓര്‍മ്മ വരിക. എങ്ങനെ ഈ മഹാമാരിയെ തുടച്ചുനീക്കാമെന്നാണ് എപ്പോഴും ആലോചനയെന്നും അവര്‍ പറഞ്ഞു.

കൊവിഡ് രോഗം സമ്പൂര്‍ണ്ണമായി ഭേദമായതിന് ശേഷം 14 ജില്ലകളിലേയും ആരോഗ്യപ്രവര്‍ത്തകരെ നേരിട്ട് കാണാനാണ് തീരുമാനം. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. ഈ സാഹചര്യത്തില്‍ മാറ്റിവെച്ചിരിക്കുന്ന നിരവധി പദ്ധതികളുണ്ട്. അതൊക്കെ കൊവിഡിനെ തുടച്ചു നീക്കിയതിനുശേഷം നടത്തണം- മന്ത്രി വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights; health minister kk shailaja shares her routine day in covid19

We use cookies to give you the best possible experience. Learn more