കേരളത്തെ നിക്ഷേപാനുകൂല സംസ്ഥാനമാക്കും: മുഖ്യമന്ത്രി
Kerala
കേരളത്തെ നിക്ഷേപാനുകൂല സംസ്ഥാനമാക്കും: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th September 2012, 3:53 pm

തിരുവന്തപുരം: കേരളത്തെ നിക്ഷേപ അനുകൂല സംസ്ഥാനമാക്കാന്‍ നിയമഭേദഗതി കൊണ്ടുവരാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് പുതിയ തീരുമാനം കൈകൊണ്ടത്. ഇതിനായി ധനമന്ത്രി കെ.എം മാണിയുടെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റിയെ നിയമിക്കാനും തീരുമാനിച്ചു.[]

എമേര്‍ജിങ്‌  കേരളയില്‍ വന്ന പദ്ധതികള്‍ പരിശോധിച്ച് അനുമതി നല്‍കാന്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ നിക്ഷേപ ക്ലിയറന്‍സ് ബോര്‍ഡ് രൂപവത്കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

വ്യവസായങ്ങള്‍ക്ക് നല്‍കിയതില്‍ ഉപയോഗിക്കാത്ത ഭൂമി തിരിച്ചെടുക്കാനും വ്യവസായ നിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനായി മുഖ്യമന്ത്രി അധ്യക്ഷനായ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനും മന്ത്രിസഭയില്‍ തീരുമാനമായി.

നെല്ലിന്റെ സംഭരണ വില വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് കൂടാതെ സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ എയര്‍ കേരള വിമാനക്കമ്പനിക്ക് അനുമതി നല്‍കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ബസ് ചാര്‍ജ് വര്‍ധനവിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തില്ല. ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് യോഗത്തില്‍ പങ്കെടുക്കാത്തതിനാലാണ് ചാര്‍ജ് വര്‍ധന ചര്‍ച്ച ചെയ്യാതിരുന്നത്. നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ച നടക്കും.