കൊച്ചി: ശബരിമല പ്രവേശനത്തില്‍ സംരക്ഷണം യഥാര്‍ത്ഥ വിശ്വാസികള്‍ക്കു മാത്രമെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ നിലപാട് കോടതി രേഖപ്പെടുത്തുകയും ചെയ്തു.
ശബരിമലയിലേക്ക് കയറുന്നത് സ്ത്രീയായാലും പുരുഷനായാലും യഥാര്‍ത്ഥ വിശ്വാസിയാണെങ്കില്‍ സംരക്ഷണം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംരക്ഷണം ആവശ്യപ്പെട്ടുവരുന്ന വ്യക്തി യഥാര്‍ത്ഥ വിശ്വാസിയാണോയെന്ന് പരിശോധിക്കുമെന്നും അതിനുശേഷം മാത്രമേ സംരക്ഷണം നല്‍കൂവെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
കോടതി ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു. ശബരിമല ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് രണ്ട് വനിതാ അഭിഭാഷകരടക്കം നാലു യുവതികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്.
ഹര്‍ജിക്കാര്‍ക്ക് മറ്റു ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. അവര്‍ സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിട്ടില്ല. വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുവതികള്‍ക്ക് സംരക്ഷണം നല്‍കാന്‍ കോടതിക്ക് നിര്‍ദേശിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചവര്‍ ആദ്യം പൊലീസിനെയായിരുന്ന സമീപിക്കേണ്ടതെന്നും കോടതി വിമര്‍ശിച്ചു. അപക്വം എന്ന് വിശേഷിപ്പിച്ചാണ് യുവതികളുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയത്.
ക്രിമിനല്‍ സ്വഭാവമുള്ളവര്‍ കഴിഞ്ഞദിവസങ്ങളില്‍ ശബരിമലയില്‍ എത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ക്രമസമാധാനം പാലിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന സര്‍ക്കാറിന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി.