കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ സുപ്രധാന തീരുമാനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍; നിര്‍ണായകമാകുക ബാങ്കുകളുടെ നിലപാട്
Agrarian crisis
കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ സുപ്രധാന തീരുമാനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍; നിര്‍ണായകമാകുക ബാങ്കുകളുടെ നിലപാട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th March 2019, 2:23 pm

 

കടക്കെണിയും ജപ്തി ഭീഷണിയും കാരണം രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് ഒമ്പതു കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. മറ്റു പ്രതിസന്ധികള്‍ക്കു പുറമേ കഴിഞ്ഞവര്‍ഷം കേരളത്തിലുണ്ടായ മഹാപ്രളയം കര്‍ഷകരുടെ പ്രതിസന്ധി ഇരട്ടിയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കര്‍ഷക ആത്മഹത്യകള്‍ തടയാനുള്ള നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നത്.

കാര്‍ഷിക വായ്പകള്‍ക്ക് അപ്പുറം കര്‍ഷകരെടുത്ത മറ്റുവായ്പകള്‍ക്കും മൊറട്ടോറിയം ഏര്‍പ്പെടുത്തുകയെന്നതാണ് കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട സുപ്രധാന തീരുമാനം. ഡിസംബര്‍ 31വരെ ഈ മൊറട്ടോറിയത്തിന്റെ കാലവധി നീട്ടാനും തീരുമാനിച്ചിട്ടുണ്ട്.

“പൊതുമേഖലാ ബാങ്കുകള്‍, വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ തുടങ്ങിയവയില്‍ നിന്ന് കര്‍ഷകരെടുത്ത വായ്പകളിന്മേലുള്ള ജപ്തി നടപടികള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച മൊറോട്ടോറിയം ഈ വര്‍ഷം ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കാര്‍ഷിക വായ്പയ്ക്കു മാത്രമല്ല കര്‍ഷകര്‍ എടുത്തിട്ടുള്ള എല്ലാ വായ്പകള്‍ക്കും ഇത് ബാധകമായിരിക്കും. അതോടൊപ്പം തന്നെ ഇന്ന് കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ മുഖേനയുള്ള നടപടിക്രമം അനുസരിച്ച് വയനാട് ജില്ലയില്‍ 2014 മാര്‍ച്ച് 31വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കും മറ്റു ജില്ലകളില്‍ 2011 ഒക്ടോബര്‍ 31വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കുമാണ് ഈ ആനുകൂല്യം ലഭ്യമാകുക. ഇത് സംസ്ഥാനത്താകെ 2014 മാര്‍ച്ച് 31വരെയുള്ള വായ്പകള്‍ക്കാക്കിയിട്ട് മാറ്റം വരുത്തുന്നു. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അമ്പതിനായിരം രൂപയ്ക്കുമേലുള്ള കുടിശ്ശികയ്ക്കു നല്‍കുന്ന ആനുകൂല്യം ഒരുലക്ഷം രൂപയില്‍ നിന്നും രണ്ടുലക്ഷം രൂപയാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ” എന്നാണ് തീരുമാനം വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

സര്‍ക്കാര്‍ തീരുമാനം കര്‍ഷകര്‍ക്ക് ഏറെ ഗുണകരമാകുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറിയായ വിജൂ കൃഷ്ണന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

“തീര്‍ച്ചയായിട്ടും കര്‍ഷകര്‍ക്ക് ഏറെ ഗുണകരമാകും. പ്രളയം കാരണം കുറേയേറെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. വിളകളും കൃഷിഭൂമിക്കും എല്ലാം. കൃഷി ആവശ്യത്തിനു മാത്രമായിരിക്കില്ല കര്‍ഷകരില്‍ പലരും ലോണെടുത്തത്. പ്രളയം കാരണം നാശനഷ്ടം സംഭവിച്ചതുകൊണ്ട് ഇത് തിരിച്ചടക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ട്. അതുകൊണ്ട് ഇത്തരമൊരു ഇടപെടല്‍ അത്യാവശ്യമാണ്. സമയോചിതമായ ഇടപെടലാണിത്. ” വിജൂ കൃഷ്ണന്‍ പറഞ്ഞു.

“കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നായ കാര്‍ഷിക വിളകളുടെ വിലതകര്‍ച്ചയ്ക്ക് പ്രധാന കാരണം കോണ്‍ഗ്രസും ബി.ജെ.പിയും നടപ്പിലാക്കിയ ആസിയാന്‍ കരാറാണ്. ഇന്നത്തെ എന്‍.ഡി.എ സര്‍ക്കാര്‍ ആസിയാനേക്കാളും ജനദ്രോഹകരമായ റീജിയണ്‍ കോംപ്രിഹന്‍സീവ് ഇക്‌ണോമിക് പാട്‌നര്‍ഷിപ്പ് എന്ന കരാറിലേക്കാണ് പോകുന്നത്. ഇത് കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് കൊണ്ടുപോകുക. അഖിലേന്ത്യാ തലത്തില്‍ കര്‍ഷക സംഘം ഇതിനെതിരെ നിലപാടെടുത്തിട്ടുണ്ട്. ” അദ്ദേഹം വിശദീകരിക്കുന്നു.

അതേസമയം മൊറട്ടോറിയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം നടപ്പിലാകുന്നത് ബാങ്കുകള്‍ എന്ത് നിലപാട് എടുക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും. ബാങ്കുകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി മാര്‍ച്ച് ആറ് ബുധനാഴ്ച രാവിലെ ഒമ്പതുമണിക്ക് മുഖ്യമന്ത്രി ബാങ്കേഴ്‌സ് സമിതിയുടെ യോഗം വിളിച്ചിട്ടുണ്ട്. അതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ.

സ്വന്തമായി ഭൂമിയൊന്നുമില്ലാതെ കൃഷി ചെയ്യുന്ന കര്‍ഷകരുണ്ട്. കാര്‍ഷിക വായ്പയ്ക്കുള്ള മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ക്ക് മൊറട്ടോറിയം കിട്ടാതെ വരുന്ന സ്ഥിതിയുണ്ട്. ഈ വിഷയത്തില്‍ ബാങ്കുകള്‍ ഉദാരസമീപനം സ്വീകരിക്കണമെന്ന ആവശ്യം കൂടി മുഖ്യമന്ത്രി ബാങ്കേഴ്‌സ് സമിതിയോട് ഉന്നയിക്കും. അതില്‍ ബാങ്കേഴ്‌സ് സമിതിയുടെ തീരുമാനം വന്നാല്‍ മാത്രമേ കര്‍ഷകര്‍ക്ക് ഈ തീരുമാനം ആശ്വാസമാകുമെന്ന് പറയാന്‍ കഴിയൂവെന്ന വിലയിരുത്തലുമുണ്ട്.

പ്രകൃതി ക്ഷോഭം മൂലമുള്ള വിളനാശത്തിന് 85 കോടി രൂപ ഉടന്‍ അനുവദിക്കാനും എല്ലാ വിളകള്‍ക്കുമുള്ള നഷ്ടപരിഹാരതുക ഇരട്ടിയാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ 54 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാകും നല്‍കുക. 2015ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നല്‍കി വരുന്ന നഷ്ടപരിഹാരം ചില വിളകള്‍ക്ക് ഇരട്ടിയാക്കി. കമുക്, കൊക്കോ, കാപ്പി, കുരുമുളക്, ജാതി, ഗ്രാമ്പു എന്നീ വിളകള്‍ക്ക് നിലവിലുള്ളതിനേക്കാള്‍ ഇരട്ടി നഷ്ടപരിഹാരം ലഭിക്കും. ഏലത്തിന് ഹെക്ടറിന് നിലവില്‍ നല്‍കുന്ന നഷ്ടപരിഹാരം 18,000 രൂപയാണ്. ഇത് 25,000 ആക്കി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

വലിയ തോതില്‍ കൃഷി നശിച്ച പ്രളയബാധിത മേഖലയിലെ കര്‍ഷകര്‍ക്ക് ഇത് ഏറെ ഗുണകരമാകുമെന്നാണ് വിജു കൃഷ്ണന്‍ പറയുന്നത്.

സ്വകാര്യ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് കടക്കെണിയിലായ കര്‍ഷകരുടെ വിഷയത്തില്‍ സര്‍ക്കാറിന് ഇടപെടാന്‍ ചില പരിമിതികളുണ്ടെന്നാണ് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞത്.

എന്നാല്‍ ദീര്‍ഘകാല വിളകള്‍ക്ക് പുതുതായി അനുവദിക്കുന്ന വായ്പയുടെ പലിശ ഒമ്പതുശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരുവര്‍ഷത്തേക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ കൂടി ഉള്‍പ്പെടുത്തുന്നത് പരിശോധിക്കാന്‍ കൃഷി ആസൂത്രണ വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.