തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക തസ്തികകളിലേക്കാണ് സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സ്ഥാപനങ്ങളിലേക്ക് പി.എസ്.സി രീതിയില്‍ സംവരണം നടപ്പിലാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഇതുപ്രകാരം ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കോളേജുകളിലും സ്‌കൂളുകളിലും എസ്.സി, എസ്.ടി, പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരി 22ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ വിവിധ ദേവസ്വം ബോര്‍ഡുകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍, പുതിയ ചട്ടങ്ങള്‍ രൂപീകരിച്ച് കൊണ്ടായിരിക്കണം ദേവസ്വം ബോര്‍ഡ് നിര്‍ദേശങ്ങള്‍ നടപ്പിലാക്കേണ്ടത്.
ബോര്‍ഡിന് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ റിട്ട ഹരജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം വരാത്തതിനെ തുടര്‍ന്ന് കേസ് നീണ്ടുപോവുകയായിരുന്നു. ഇതിനുപിന്നാലെയാണ് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ ഫെബ്രുവരിയില്‍ ഇതുസംബന്ധിച്ച യോഗം ചേര്‍ന്നത്.
Content Highlight: State Govt Introduces SC, ST, OBC Reservation in Aided Educational Institutions Under Devaswom Board