ക്രിസ്ത്യന്‍ പള്ളിക്കുവേണ്ടി മൂന്നു കോടി വിലവരുന്ന 13 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നല്‍കിയത് ഏക്കറിന് വര്‍ഷം 100 രൂപ വാടകയ്ക്ക്
Daily News
ക്രിസ്ത്യന്‍ പള്ളിക്കുവേണ്ടി മൂന്നു കോടി വിലവരുന്ന 13 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നല്‍കിയത് ഏക്കറിന് വര്‍ഷം 100 രൂപ വാടകയ്ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th June 2015, 1:26 pm

land2തിരുവനന്തപുരം: മാനന്തവാടിയിലുള്ള 13 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഒരു ക്രിസ്ത്യന്‍ പള്ളിക്കുവേണ്ടി തുച്ഛമായ പാട്ടത്തുകയ്ക്ക് സര്‍ക്കാര്‍ നല്‍കി. മെയ് 23ന് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ (Go (Ms) No 200 2015RD) ഉത്തരവു പ്രകാരമാണ് ഭൂമി പാട്ടത്തിനു നല്‍കിയിരിക്കുന്നത്.

മാനന്തവാടിയിലുള്ള 13.67 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സെന്റ് ജോര്‍ജ് ഫൊറൈന്‍ പള്ളിയ്ക്കാണ് വാടകയ്ക്കു നല്‍കിയിരിക്കുന്നത്. 3.04 കോടി മാര്‍ക്കറ്റ് വിലയുള്ള ഭൂമി ഏക്കറിനു 100 രൂപ വാര്‍ഷിക വാടകയ്ക്കാണ് പള്ളിക്കു നല്‍കിയിരിക്കുന്നത്.

മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നേടത്തിന്റെ അപേക്ഷ പ്രകാരം മെയ് 5 നു പുറത്തിറക്കിയ ഉത്തരവ് പുനപരിശോധിച്ചാണ് മന്ത്രിസഭ ഉമടസ്ഥാവകാശം കൈമാറാനുള്ള തീരുമാനമെടുത്തത്. ഏക്കറിനു 100 രൂപയെന്ന നിലക്കില്‍ 30 വര്‍ഷത്തേക്ക് പള്ളി നില്‍ക്കുന്ന സ്ഥലം വാടകയ്ക്കു നല്‍കാനാണ് സര്‍ക്കാര്‍ മെയ് 5നു തീരുമാനിച്ചത്.

ഭൂരഹിതരായ പാവപ്പെട്ടവര്‍ക്ക് നല്‍കാന്‍ ഭൂമി അന്വേഷിച്ചലയുകയാണെന്ന് പറയുന്നതിനിടെയാണ് പുറമ്പോക്ക് ഭൂമി തുച്ഛവിലയ്ക്കു പള്ളിക്കുവേണ്ടി നല്‍കിയിരിക്കുന്നത്.

ഭൂമി അനുവദിച്ചത് “പൊതുതാല്‍പര്യത്തിനുവേണ്ടി”യാണെന്നു വരുത്തി തീര്‍ക്കുന്നതിനായി 1995ലെ മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ ഏരിയ പരിധിയിലെ ഭൂവിനിയോഗ നിയമത്തിന്റെ 21 സെക്ഷന്‍ പ്രകാരവും ഭൂവിനിയോഗ നിയമത്തിന്റെ സെക്ഷന്‍ 24 പ്രകാരവുമുള്ള പരമാധികാരം മന്ത്രിസഭ ഉപയോഗിച്ചിട്ടുണ്ട്.

പുറംമ്പോക്ക് ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നും അത് സര്‍ക്കാര്‍ സംരക്ഷിക്കുകയും വികസന പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്തുകയുമാണ് വേണ്ടതെന്നും മുന്‍ റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ പറഞ്ഞു. ഉടമസ്ഥാവകാശം സര്‍ക്കാര്‍ നിഷിപ്തമാക്കിയശേഷം മാത്രമേ അര്‍ഹര്‍ക്ക് ഇതു വാടകയ്ക്കു നല്‍കാന്‍ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുവേണ്ടി 18 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നല്‍കിയത് വിവാദമായിരുന്നു.