Advertisement
national news
സി.ബി.ഐ അന്വേഷണങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 19, 04:10 am
Thursday, 19th November 2020, 9:40 am

ന്യൂദല്‍ഹി: സംസ്ഥാനങ്ങളില്‍ സി.ബി.ഐ അന്വേഷണങ്ങള്‍ക്ക് ഇനിമുതല്‍ അതത് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിനാണ് അനുമതി വേണ്ടത്.

അനുമതിയില്ലാതെയുള്ള അന്വേഷണം ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ഒരു കേസിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

സ്വകാര്യ വ്യക്തികള്‍ക്കെതിരെ കേസെടുക്കാനും അന്വേഷണം നടത്താനും സി.ബി.ഐക്ക് തടസമില്ല. അതേസമയം സര്‍ക്കാര്‍ ജീവനക്കാരോ സംവിധാനങ്ങളോ ഉള്‍പ്പെട്ട കേസുകളാണെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വേണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.

നേരത്തെ പല കേസുകളിലും സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ സി.ബി.ഐ ഇടപെട്ടത് വിവാദമായിരുന്നു. തുടര്‍ന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അനുമതിയില്ലാതെ സി.ബി.ഐ അന്വേഷണം അനുവദിക്കില്ലെന്ന് തീരുമാനിച്ചു.

രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും സി.ബി.ഐ അന്വേഷണത്തിനുള്ള അനുമതി പിന്‍വലിച്ചിരുന്നു.

ലൈഫ് മിഷന്‍ കേസില്‍ സര്‍ക്കാര്‍ അറിയാതെ സി.ബി.ഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ സി.ബി.ഐ അന്വേഷണങ്ങള്‍ക്ക് നല്‍കിയ പൊതുസമ്മതം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: State Governments should give permission to CBI enquiry in states