തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യ വത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അനുകൂല വിധിക്ക് സാധ്യതയില്ലെന്ന് നിയമോപദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടിയെന്നന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം സുപ്രീംകോടതിയെ സമീപിക്കാന്‍ എയര്‍പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ തീരുമാനിച്ചു. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ട് നല്‍കുന്നതിനെതിരെ തുടക്കം മുതല്‍ കടുത്ത സര്‍ക്കാര്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. സര്‍ക്കാരിനെതിരായി ഹൈക്കോടതി വിധി വന്നതിന് ശേഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ നിയമനടപടികളിലേക്ക് നീങ്ങുന്നത് പ്രയോജനം ചെയ്യില്ലെന്നതിനാല്‍ ഹൈക്കോടതിക്കെതിരെ അപ്പീല്‍ പോവാനുള്ള സാധ്യതയില്ല.
ഒക്ടബോര്‍ 19നാണ് അദാനിഗ്രൂപ്പിനെതിരായ സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി തള്ളിയത്. സര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. കേന്ദ്ര സര്‍ക്കാരിന്റേത് നയപരമായ തീരുമാനമെന്നായിരുന്നു കോടതി ഹരജി തള്ളിക്കൊണ്ട് പറഞ്ഞിരുന്നു.
ലേല നടപടികള്‍ സുതാര്യമല്ലെന്ന് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ലേലത്തില്‍ പരാജയപ്പെട്ടതിന് ശേഷം ഇത്തരം ഒരു ഹരജിയുമായി കോടതിയെ സമീപിക്കാന്‍ കേരളത്തിന് അര്‍ഹത ഇല്ലെന്നും വിശാലമായ പൊതു താത്പര്യം മുന്‍നിര്‍ത്തിയാണ് വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കുന്നതെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
സംസ്ഥാന സര്‍ക്കാരിന് പുറമെ ഏഴ് ഹരജികളാണ് കോടതിയുടെ പരിഗണനയില്‍ വന്നത്. ഏല്ലാ ഹരജികളും കോടതി തള്ളിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക