തിരുവനന്തപുരം: കൊവിഡ് കാരണം രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. 3 ലക്ഷം രൂപ കുട്ടികള്‍ക്ക് ഒറ്റത്തവണയായി നല്‍കും. ഇതിനു പുറമേ 18 വയസ്സുവരെ 2000 രൂപ മാസം തോറും നല്‍കാനും, ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
‘കുട്ടികള്‍ ഈ നാടിന്റെ സ്വത്താണ്. അവര്‍ക്ക് സുരക്ഷിതമായ ജീവിതം ഒരുക്കുക എന്നതും ആവശ്യമായ പിന്തുണ നല്‍കുക എന്നതും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ആ ചുമതല നിറവേറ്റുന്നതിന്റെ ഭാഗമായാണ് കൊവിഡ് കാരണം അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കാന്‍ തീരുമാനിച്ചത്,’ മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 24,166 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂര്‍ 1938, ആലപ്പുഴ 1591, കോഴിക്കോട് 1521, കണ്ണൂര്‍ 1023, കോട്ടയം 919, പത്തനംതിട്ട 800, കാസര്‍ഗോഡ് 584, ഇടുക്കി 571, വയനാട് 315 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.