തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കും. അപ്പീല്‍ നല്‍കാമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചു. ബലാത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ തെളിവുണ്ടെന്നാണ് നിയമോപദേശം.
അഡി. സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീല്‍. ഇന്നലെ രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ചരവരെ എല്‍ദോസിനെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി എല്‍ദോസ് സഹകരിക്കുന്നില്ലെന്നായിരുന്നു അന്വേഷണ സംഘം പറഞ്ഞത്.
മൊബൈല്‍ ഫോണ്‍ എല്‍ദോസ് ഇന്നലെ അന്വേഷണ സംഘത്തിന് നല്‍കി. ഈ ഫോണ്‍ തന്നെയാണോ സംഭവ ദിവസങ്ങളില്‍ എം.എല്‍.എ ഉപയോഗിച്ചത് എന്ന് അറിയാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.
മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും അടുത്തമാസം ഒന്നുവരെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദേശമുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അതേസമയം, യുവതിയെ പീഡിപ്പിച്ച കേസില്‍ ഉപാധികളോടെയാണ് അഡി.സെഷന്‍സ് കോടതി എല്‍ദോസിന് ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ടുപോകരുതെന്നും ഫോണും പാസ്‌പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജാമ്യ വ്യവസ്ഥയില്‍ കോടതി നിര്‍ദേശിച്ചിരുന്നു.
കഴിഞ്ഞ മാസം 28നാണ് എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്ന് കാണിച്ച് പേട്ട നിവാസിയായ അധ്യാപിക പരാതി നല്‍കിയത്. മദ്യപിച്ച് വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്ക് പോകുമ്പോള്‍ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
കമ്മീഷണര്‍ കോവളം സി.ഐയ്ക്ക് പരാതി കൈമാറിയെങ്കിലും ഒക്ടോബര്‍ എട്ടിനാണ് യുവതിയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ സി.ഐ ശ്രമിച്ചെന്ന് യുവതി ആരോപിച്ചതിനെ തുടര്‍ന്ന് കോവളം സി.ഐയെ സ്ഥലം മാറ്റിയിരുന്നു.