ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവര്‍ക്ക് ഏവിയേഷന്‍ മേഖലയില്‍ തൊഴിലിനായുള്ള സൗജന്യ പരിശീലനവുമായി സംസ്ഥാന സര്‍ക്കാര്‍
Kerala News
ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവര്‍ക്ക് ഏവിയേഷന്‍ മേഖലയില്‍ തൊഴിലിനായുള്ള സൗജന്യ പരിശീലനവുമായി സംസ്ഥാന സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th November 2024, 9:02 am

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലുളളവര്‍ക്ക് ഏവിയേഷന്‍ മേഖലയില്‍ തൊഴില്‍ നല്‍കാന്‍ സൗജന്യ പരിശീലന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി നടപ്പിലാക്കുക.

നോളജ് ഇക്കോണമി മിഷനും സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പ്രൈഡ് പദ്ധതിയുടെ ഭാഗമായാണ് തൊഴില്‍ പരിശീലനമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി.

സര്‍ട്ടിഫിക്കറ്റ് ഇന്‍ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്, കാര്‍ഗോ ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍ ഏജന്റ് തുടങ്ങിയ കോഴ്‌സിലാണ് പരിശീലനം ലഭിക്കുക.

പ്രൈഡ് പദ്ധതിയുമായി ബന്ധപ്പെട്ട തൊഴില്‍ പരിശീലനത്തില്‍ ഭാഗമാകാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും കൈവശമുള്ളവര്‍ക്ക് മാത്രമേ കഴിയുകയുള്ളൂ.

കൂടാതെ പരിശീലനത്തിനായുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബിരുദവും ഉയര്‍ന്ന പ്രായ പരിധി 27 വയസുമാണ്.

ഏവിയേഷന്‍ മേഖലയില്‍ തൊഴില്‍ നല്‍കാനുള്ള പരിശീലനത്തില്‍ രണ്ട് മാസത്തെ താമസവും പരിശീലനവും സൗജന്യമായായിരിക്കും ലഭിക്കുക. കൂടാതെ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മികച്ച തൊഴിലുകളും നേടാന്‍ അവസരം ലഭിക്കും.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭിക്കും. അപേക്ഷിക്കുന്നവര്‍ക്കെല്ലാം കോഴ്‌സുകലെ കുറിച്ചും തൊഴില്‍ സാധ്യതയെ കുറിച്ചും വിശദമാക്കുന്ന ഓണ്‍ലൈന്‍ ഓറിയന്റേഷനും നോളജ് ഇക്കോണമി മിഷന്‍ നല്‍കുന്നുണ്ട്.

പരിശീലനത്തോടൊപ്പം തന്നെ ഇംഗ്ലീഷ് ഭാഷാ പരിശീലനം, അടിസ്ഥാന കംപ്യൂട്ടര്‍ പരിശീലനം എന്നിവയുമുണ്ട്. അപേക്ഷകര്‍ നോളജ് ഇക്കോണമി മിഷന്റെ ഡി.ഡബ്ല്യൂ.എം.എസ് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടൊപ്പം 27 വരെ അപേക്ഷിക്കാനുള്ള സമയവുമുണ്ടാവും.

Content Highlight: State government to provide free training to transgender community for employment in aviation sector