തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ജില്ലകളില്‍ കളക്ടര്‍മാരെ സഹായിക്കാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്മാരെ ചുമതല നല്‍കി.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും നടപടികള്‍ എടുക്കാനുമാണ് ജില്ലകളില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയത്.
ജില്ലകളിലെ സ്ഥിതി വിലയിരുത്തി 144 ഉള്‍പ്പെടെ പ്രഖ്യാപിക്കാനും അനുമതിയുണ്ട്. കൊവിഡ് വ്യാപനം കണക്കാക്കി പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി തിരിക്കാമെന്നും നിര്‍ദേശമുണ്ട്.
കൊവിഡ് നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരെ നടപടി എടുക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് 5266 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 10.84 ശതമാനമാണ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത് സംബന്ധിച്ച് വ്യക്തമാക്കിയിരുന്നു.
ഇത്തവണ ആറ്റുകാല്‍ പൊങ്കാലയ്ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമായിരിക്കും ഈ വര്‍ഷത്തെ പൊങ്കാല.
നേരത്തെ ഭക്തര്‍ക്ക് ക്ഷേത്ര മുറ്റത്ത് പൊങ്കാലയിടാമെന്ന് തീരുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഭക്തര്‍ വീടുകളില്‍ തന്നെ പൊങ്കാലയിടണമെന്നുമാണ് ക്ഷേത്രം ട്രസ്റ്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക