| Wednesday, 24th April 2019, 2:07 pm

അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് തുടങ്ങും; കല്ലട ട്രാവല്‍സിലെ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി  സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കല്ലട ട്രാവല്‍സ് സ്വകാര്യ ബസ് സര്‍വീസിലെ ജീവനക്കാര്‍ യാത്രക്കാരെ വഴിയിലിറക്കി മര്‍ദ്ദിച്ച സംഭവത്തില്‍ ബസ് ഉടമകള്‍ക്കെതിരെ കര്‍ശന നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. അന്തര്‍ സംസ്ഥാന യാത്ര നടത്തുന്ന ബസുകളിലും അവയുടെ ഓഫീസുകളിലും സ്‌ക്വാഡുകള്‍ പരിശോധന നടത്താന്‍ ഗതാതഗ കമ്മീഷണര്‍ ഉത്തരവിട്ടു. അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി തുടങ്ങാനും തീരുമാനിച്ചു.

വാഹനങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഹെല്‍പ്പ് ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. 8281786096 എന്നതാണ് ഹെല്‍പ്പ് ലൈനിലേക്ക് വിളിക്കേണ്ട നമ്പര്‍.

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഏഴ് പേരാണ് അറസ്റ്റിലായത്.ഇതില്‍ ബസ് ഉടമ ഹാജരായില്ലെങ്കില്‍ നിയമനടപടിയുണ്ടാവുമെന്ന് പൊലീസ് വ്യക്തമാക്കി. ആലുവ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തശേഷം എറണാകുളം സബ് ജയിലിലേക്ക് മാറ്റി. എന്നാല്‍
മര്‍ദ്ദിച്ചെന്ന പരാതികള്‍ ഉയരുന്നതിനിടയില്‍ ബസ്സ് കള്ളക്കടത്ത് നടത്തുന്നതായി സംശയിക്കുന്നുവെന്ന് യുവാവ് ആരോപിച്ചിരുന്നു. ബാംഗ്ലൂരില്‍ വിദ്യാര്‍ഥിയായ യുവാവാണ് പരാതിയുമായി രംഗത്ത് വന്നത്.
താന്‍ കല്ലട ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ ബസ്സ് അപ്രതീക്ഷിതമായി ബസ് ഒരു സ്ഥലത്ത് നിര്‍ത്തുകയും ഏകദേശം ഒന്നര മണിക്കൂറിന് ശേഷമാണ് വണ്ടി അവിടെ നിന്നും പുറപ്പെട്ടതെന്നും യുവാവ് പറയുന്നു. ഇതിനിടെ ഒരു പാക്കറ്റ് ബസ് ജീവനക്കാരന്‍ അടുത്തുള്ള പാടത്ത് കൊണ്ടിടുകയും ചെയ്തുവെന്ന് യുവാവ് വെളിപ്പെടുത്തി.

വലിയ പാക്കറ്റുകള്‍ ഇറക്കുന്നത് താന്‍ കണ്ടതായും യുവാവ് പറയുന്നു. മോശപ്പെട്ട സഹകരണമാണ് ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുമുണ്ടായതെന്ന് വ്യക്തമാക്കിയ യുവാവ്, ബസ് ജീവനക്കാര്‍ കള്ളക്കടത്ത് നടത്തുന്നുണ്ടോ എന്ന് സംശയിക്കുന്നതായും വ്യക്തമാക്കിയിരുന്നു.

‘സവാരി നടത്തുന്നതിനിടയില്‍ വണ്ടി നിര്‍ത്തിയിട്ടാല്‍, സ്ഥലമെവിടെയാണെന്നുപോലും പറയാനിവര്‍ കൂട്ടാക്കാറില്ല. രാത്രിയാത്രകളില്‍ സ്ഥലം മനസ്സിലാകാതെയിരിക്കുന്ന യാത്രക്കാര്‍ അതിനെക്കുറിച്ച് ചോദിച്ചാല്‍ തെറിവിളിക്കും’ യുവാവ് പറയുന്നു. ബസ് ജീവനക്കാര്‍ മദ്യപിച്ചാണ് കൂടുതല്‍ സമയവും ജോലി ചെയ്യാറുള്ളതെന്നും ഇവരുടെ ഗുണ്ടായിസം ഭയന്ന് ആരും ഇതിനെ ചോദ്യം ചെയ്യാറില്ലെന്നും യുവാവ് പറഞ്ഞിരുന്നു.

ബസുടമകള്‍ ബസിനുള്ള കേടുപാടുകള്‍ സമയത്ത് പരിഹരിക്കാറില്ലെന്നും അതിനാല്‍ത്തന്നെ ബസ് വഴിയില്‍ പണിമുടക്കുന്നത് പതിവാണെന്നും യാത്രക്കാര്‍ പറയുന്നുണ്ട്. ബസ് കേടായപ്പോള്‍ അതില്‍ നിന്നും പുക ഉയരുന്ന വീഡിയോ ദൃശ്യവും ഒരു യാത്രക്കാരന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more