| Friday, 7th February 2014, 8:57 am

പദ്ധതി നടത്തിപ്പില്‍ വീഴ്ച്ച: 1000 കോടിയുടെ കേന്ദ്ര സഹായം സംസ്ഥാനം നഷ്ടപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: പദ്ധതി നടത്തിപ്പിലെ വീഴ്ച്ച മൂലം 1000കോടിയുടെ കേന്ദ്രസഹായം സംസ്ഥാനം നഷ്ടപ്പെടുത്തിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്.

കേന്ദ്രസര്‍ക്കാരും 13ാം ധനകാര്യ കമ്മീഷനും മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നതും ബില്ലുകള്‍ നല്‍കാതിരുന്നതും ആദ്യം ഗഡുക്കളുടെ വിനിയോഗത്തില്‍ വരുത്തിയ വീഴ്ച്ചയുമാണ് കേന്ദ്രസഹായം നഷ്ടമാകാനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 18.54 ശതമാനം കുറവാണ് കേന്ദ്രസഹായത്തിലുണ്ടായിരിക്കുന്നത്. 2011-12 സാമ്പത്തിക വര്‍ഷത്തില്‍74 കോടിയായിരുന്ന കേന്ദ്രസഹായം 60 കോടി രൂപയായി കുറഞ്ഞു.

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സഹായത്തില്‍ 14 കോടിയുടെ കുറവും പദ്ധതിയേതര സഹായത്തില്‍ 776 കോടിയുടെ കുറവുമാണുണ്ടായിരിക്കുന്നത്.

2008-09 സാമ്പത്തികവര്‍ഷം മുതല്‍ 2011-12 വരെയുള്ള കാലയളവില്‍ കേന്ദ്രസഹായത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. 2010-11ല്‍ ലക്ഷ്യം വച്ചിരുന്ന പദ്ധതിയേതരചെലവുകളില്‍ ലക്ഷ്യം കാണാനാവാതിരുന്നതാണ് കേന്ദ്രസഹായം കുറയാന്‍ കാരണമെന്നാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജലവിതരണമേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക, നീതിന്യായനിര്‍വ്വഹ സംവിധാനങ്ങളുടെ മെച്ചപ്പെടുത്തലിനുള്ള തുക, റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണിക്കുള്ള തുക, തീരദേശപരിപാലനത്തിനും ഉള്‍നാടന്‍ ജലഗതാഗതത്തിനുമനുവദിച്ച തുക എന്നിങ്ങനെ ഒട്ടേറെ സഹായങ്ങളാണ് സംസ്ഥാനം പാഴാക്കിയത്.

നിബന്ധനകള്‍ പാലിക്കാന്‍ കഴിയാതെ പോയതും ബില്ലുകള്‍ തീര്‍പ്പാക്കുന്നതിലെ വീഴ്ച്ചയും തദ്ദേശസ്ഥാപനങ്ങളിലെ ഫണ്ടുകള്‍ കൈമാറ്റം ചെയ്യുന്നതില്‍ വരുത്തിയ വീഴ്ച്ചയുമൊക്കെയാണ് വലിയ തോതില്‍ കേന്ദ്രസഹായം നഷ്ടമാകാന്‍ കാരണമായത്.

We use cookies to give you the best possible experience. Learn more