കോഴിക്കോട്: യു.എ.പി.എ കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദ് ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സംയുക്ത പ്രസ്താവന.
അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാന്‍ എന്‍.ഐ.എയ്ക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന വിവരം ആശങ്കയുണ്ടാക്കുന്നതാണെന്നും സിറ്റിസൺസ് ഫോർ ഡെമോക്രസി സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
അലനെതിരെ എസ്.എഫ്.ഐ നല്‍കിയ പരാതിയില്‍ ധര്‍മ്മടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കാന്‍ നീക്കം നടക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
കണ്ണൂര്‍ പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ എസ്.എഫ്.ഐയുടെ ജനാധിപത്യവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്ന് തികച്ചും ജനാധിപത്യപരമായി പ്രതിഷേധിച്ചതിനാണ് അലനെതിരെ കേസെടുത്തതെന്നും, യു.എ.പി.എ കേസില്‍ ജാമ്യം റദ്ദ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ ആരോപിച്ചു.
യു.എ.പി.എ കേസിലെ ജയില്‍ മോചനത്തിന് ശേഷം ചികിത്സയും നിയമപഠനവും തുടര്‍ന്ന അലന്‍ ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോഴാണ് ആ വിദ്യാര്‍ത്ഥിയുടെ ജാമ്യം റദ്ദ് ചെയ്ത് വീണ്ടും ജയിലിലടക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം പ്രതികാര നടപടികള്‍, വിദ്യാര്‍ത്ഥി- യുവ സമൂഹത്തിന്റെ ആരോഗ്യകരമായ സാമൂഹ്യ ഇടപെടല്‍ തടയുന്നതിന് മാത്രേ ഉപകരിക്കൂ എന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് പന്തീരാങ്കാവ് യു.എ.പി.എ. കേസില്‍ പ്രതിയായ അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പന്നിയങ്കര പോലീസ് ഇന്‍സ്‌പെക്ടര്‍ കൊച്ചി എന്‍.ഐ.എ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
എന്‍.ഐ.എ. കോടതി ജാമ്യം നല്‍കുമ്പോള്‍ അലന്‍ ഷുഹൈബിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന് പന്നിയങ്കര ഇന്‍സ്‌പെക്ടറോടും മറ്റൊരു പ്രതിയായ താഹ ഫസലിനെ നിരീക്ഷിക്കാന്‍ പന്തീരാങ്കാവ് ഇന്‍സ്‌പെക്ടറോടും കോടതി നിര്‍ദേശിച്ചിരുന്നു.
2019ലാണ് കോഴിക്കോട് സ്വദേശികളായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യു.എ.പി.എ കേസ് ചുമത്തി ജയിലിലടക്കുകയായിരുന്നു.
പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ കുറ്റമാരോപിച്ച് 10 മാസം ജയിലിലടക്കപ്പെടുകയും തുടര്‍ന്ന് നിയമപോരാട്ടങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ജാമ്യം ലഭിക്കുകയും ചെയ്ത നിയമവിദ്യാര്‍ത്ഥിയായ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാന്‍ എന്‍.ഐ.എയ്ക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന വിവരം ആശങ്കയുണ്ടാക്കുന്നതാണ്.
അലനെതിരെ എസ്.എഫ്.ഐ നല്‍കിയ പരാതിയില്‍ ധര്‍മ്മടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കാന്‍ നീക്കം നടക്കുന്നത്. കണ്ണൂര്‍ പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ എസ്.എഫ്.ഐയുടെ ജനാധിപത്യവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്ന് തികച്ചും ജനാധിപത്യപരമായി പ്രതിഷേധിച്ചതിനാണ് അലനെതിരെ കേസെടുത്തതും യു.എ.പി.എ കേസില്‍ ജാമ്യം റദ്ദ് ചെയ്യാന്‍ ശ്രമിക്കുന്നതും.
അലന്‍ ഷുഹൈബിനും താഹ ഫസലിനും എതിരെയുള്ള എന്‍.ഐ.എയുടെ വാദങ്ങളെ വിശദമായി പരിശോധിച്ച് അവ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. അലന്റെ പ്രായവും ആരോഗ്യപ്രശ്‌നങ്ങളും കോടതി പരിഗണിച്ചിരുന്നു. ജയില്‍ മോചനത്തിന് ശേഷം ചികിത്സയും നിയമപഠനവും തുടര്‍ന്ന അലന്‍ ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോഴാണ് ആ വിദ്യാര്‍ത്ഥിയുടെ ജാമ്യം റദ്ദ് ചെയ്ത് വീണ്ടും ജയിലിലടക്കാന്‍ ശ്രമിക്കുന്നത്.
സമൂഹത്തില്‍ അരികുവത്കരിക്കപ്പെടുന്ന ജനങ്ങളുടെ അഭിഭാഷകന്‍ ആകണമെന്ന് ആഗ്രഹിക്കുന്ന അലന്റെ തുടര്‍പഠനത്തിനും ഭാവിക്കും തടസ്സമാകുന്ന നടപടിയാണ് ഈ നീക്കം. മനുഷ്യരോട് കരുതലും സ്‌നേഹവും ഉള്ള ഏതൊരു മനുഷ്യനും ചെയ്യുന്ന ജനാധിപത്യപരവും സമാധാനപരവുമായ ഇടപെടല്‍ മാത്രമേ അലന്‍ നടത്തിയിട്ടുള്ളു. അതിന്റെ പേരില്‍ പ്രതികാര നടപടിക്കൊരുങ്ങുന്നത് പ്രതിഷേധാര്‍ഹമാണ്.
ഇത്തരം പ്രതികാര നടപടികള്‍, വിദ്യാര്‍ത്ഥി- യുവ സമൂഹത്തിന്റെ ആരോഗ്യകരമായ സാമൂഹ്യ ഇടപെടല്‍ തടയുന്നതിന് മാത്രേ ഉപകരിക്കൂ. സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്നും ഉടന്‍ പിന്തിരിയണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടി സര്‍ക്കാരും എന്‍.ഐ.എയും പിന്‍വലിക്കണമെന്നും അലനൊപ്പം ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി നിന്ന് ഈ ആവശ്യം ഉന്നയിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
സംയുക്ത പ്രസ്താവനയില്‍ ഒപ്പ് വെച്ചവര്‍:
ബി.ആര്‍.പി ഭാസ്‌കര്‍
കെ. അജിത
കെ.കെ.കൊച്ച്
സണ്ണി എം. കപിക്കാട്
കെ.ജി. ജഗദീശന്‍
മേഴ്‌സി അലക്‌സാണ്ടര്‍
കെ.കെ. ബാബുരാജ്
ജിയോ ബേബി
കെ.എസ്. ഹരിഹരന്‍
ഡോ. സോണിയ ജോര്‍ജ്ജ്
ഭാസുരേന്ദ്ര ബാബു
എം. സുല്‍ഫത്ത്
ചിത്ര നിലമ്പൂര്‍
ശ്രീജ നെയ്യാറ്റിന്‍കര