തിരുവനന്തപുരം: ഇലന്തൂരില്‍ നരബലി എന്ന അനാചാരത്തിന്റെ പേരില്‍ രണ്ട് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയത് ഞെട്ടലുളവാക്കുന്നതും അതീവ ഉത്കണ്ഠ ഉളവാക്കുന്നതുമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ അന്ധവിശ്വാസ അനാചാര വിരുദ്ധ നിയമ നിര്‍മാണം അടിയന്തിരമായി നടത്തണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.
ശാസ്ത്ര ബോധവും യുക്തിചിന്തയും സമൂഹത്തില്‍ ശക്തമായി പ്രചരിപ്പിക്കണമെന്ന ബോധത്തിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.
ശാസ്ത്ര ചിന്ത സമൂഹത്തില്‍ നിന്നും വ്യക്തിജീവിതത്തില്‍ നിന്നും എത്ര അകലെയാണെന്ന് ബോധ്യപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ക്ക് കേരളം ഇതിനുമുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലെ ആന്റി സൂപ്പര്‍സ്റ്റിഷ്യന്‍ ആന്റ് ബ്ലാക്ക് മാജിക് ആക്ടിന്റെയും, കര്‍ണാടകയിലെ ദി കര്‍ണാടക പ്രിവന്‍ഷന്‍ ആന്റ് ഇറാഡിക്കേഷന്‍സ് ഓഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്ടീസസ് ആന്റ് ബ്ലാക്ക് മാജിക് ആക്ടിന്റെയും മാതൃകയില്‍ കേരളത്തില്‍ അടിയന്തിരമായി നിയമനിര്‍മാണം നടത്തണമെന്നും കാനം രാജേന്ദ്രന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങള്‍ക്കെതിരെ കേരള മനസാക്ഷി ആകെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, തിങ്കളാഴ്ച രാവിലെയാണ് നരബലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത്. പത്തനംതിട്ട തിരുവല്ലയിലെ ഇലന്തൂരിലാണ് സംഭവം. കാലടിയില്‍ നിന്നും കടവന്ത്രയില്‍ നിന്നുമുള്ള പത്മ, റോസ്‌ലി എന്നീ സ്ത്രീകളെയാണ് ബലികൊടുത്തത്.
തിരുവല്ലയിലെ ദമ്പതികളായ ഭഗവല്‍ സിങ്, ലൈല എന്നിവരും പെരുമ്പാവൂരില്‍ നിന്നുള്ള ഏജന്റ് മുഹമ്മദ് ഷാഫിയുമാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
പ്രസ്താവനയുടെ പൂര്‍ണരൂപം:
അന്ധവിശ്വാസ അനാചാര വിരുദ്ധ നിയമനിര്‍മാണം അടിയന്തിരമായി നടത്തണം
കാനം രാജേന്ദ്രന്‍
ഇലന്തൂരില്‍ അതിക്രൂരമായി രണ്ട് സ്ത്രീകളെ പ്രാചീനകാലത്ത് നിലനിന്നിരുന്ന നരബലി എന്ന അനാചാരത്തിന്റെ പേരില്‍ കൊലപ്പെടുത്തിയത് ഞെട്ടലുളവാക്കുന്നതും അതീവ ഉത്ക്കണ്ഠ ഉളവാക്കുന്നതുമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ശാസ്ത്ര ബോധവും യുക്തിചിന്തയും സമൂഹത്തില്‍ ശക്തമായി പ്രചരിപ്പിക്കണമെന്ന ബോധത്തിലേക്കാണീ സംഭവം വിരല്‍ ചൂണ്ടുന്നത്.
മഹാരാഷ്ട്രയില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ നിയമ നിര്‍മ്മാണത്തിനുവേണ്ടി നിരന്തരം പോരാടിയ ധാബോല്‍ക്കര്‍ മതതീവ്രവാദികളാല്‍ കൊല്ലപ്പെട്ട് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം മഹാരാഷ്ട്ര നിയമസഭ അന്ധവിശ്വാസ-അനാചാര വിരുദ്ധ നിയമം പാസ്സാക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്തു. ഈ നിയമ നിര്‍മാണത്തിനു വേണ്ടിയുള്ള പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്ന ഗോവിന്ദ് പന്‍സാരെയും മതതീവ്രവാദികളാല്‍ കൊല്ലപ്പെട്ടു. കര്‍ണാടകയിലും മഹാരാഷ്ട്ര മാതൃകയില്‍ നിയമ നിര്‍മാണം നടത്തി. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കല്‍ബുര്‍ഗിയേയും കൊലപ്പെടുത്തുകയുണ്ടായി.
ശാസ്ത്ര ചിന്ത സമൂഹത്തില്‍ നിന്നും വ്യക്തിജീവിതത്തില്‍ നിന്നും എത്ര അകലെയാണെന്ന് ബോധ്യപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ക്ക് കേരളം ഇതിനുമുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലെ ആന്റീ സൂപ്പര്‍സ്റ്റിഷ്യന്‍ ആന്റ് ബ്ലാക്ക് മാജിക് ആക്ടും കര്‍ണാടകയിലെ ദി കര്‍ണാടക പ്രിവന്‍ഷന്‍ ആന്റ് ഇറഡിക്കേഷന്‍സ് ഓഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്ടീസസ് ആന്റ് ബ്ലാക്ക് മാജിക് ആക്ട് 2017 മാതൃകയില്‍ കേരളത്തില്‍ അടിയന്തിരമായി നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ കേരള മനസാക്ഷി ആകെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും കാനം പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
Content Highlight: State government should urgently enact legislation against superstition and immorality says Kanam Rajendran