ഈ യുദ്ധം ജയിച്ചേ തീരൂ; സംസ്ഥാന സര്‍ക്കാരിന്റെ മയക്കുമരുന്നിനെതിരെയുള്ള വിപുലമായ പ്രചാരണ പരിപാടികള്‍ ഞായറാഴ്ച മുതല്‍
Kerala News
ഈ യുദ്ധം ജയിച്ചേ തീരൂ; സംസ്ഥാന സര്‍ക്കാരിന്റെ മയക്കുമരുന്നിനെതിരെയുള്ള വിപുലമായ പ്രചാരണ പരിപാടികള്‍ ഞായറാഴ്ച മുതല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st October 2022, 5:41 pm

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് ഗാന്ധിജയന്തി ദിനമായ ഞായറാഴ്ച തുടക്കമാകും. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം.

സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഒക്ടോബര്‍ രണ്ടിന്റെ ഉദ്ഘാടന പരിപാടി നടക്കും.

രാവിലെ 9.30നാണ് പരിപാടി തുടങ്ങുക. 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഓരോ മലയാളിയും ഈ ജനകീയ പോരാട്ടത്തിലെ പടയാളികളായി മാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.

‘ലഹരിക്കെതിരെയുള്ള നവകേരള മുന്നേറ്റത്തിന് നാളെ തുടക്കമാവുകയാണ്. മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സര്‍ക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടിക്കൊപ്പം ചേരാന്‍ കേരളമാകെ ഒരുങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കി മയക്കുമരുന്നിനെതിരായ ഒരു ജനകീയ യുദ്ധമാണ് ആരംഭിക്കുന്നത്.

നമ്മുടെ യുവതയെ ലഹരിയുടെ പിടിയില്‍ നിന്ന് മോചിപ്പിക്കാനുള്ള പ്രവര്‍ത്തനത്തില്‍ നാം ഒറ്റക്കെട്ടാണ്, അതില്‍ കക്ഷിരാഷ്ട്രീയത്തിന്റേതുള്‍പ്പെടെ ഒരു വേര്‍തിരിവുമില്ല. നാളെ രാവിലെ 9.30ന് നാടെങ്ങും നടക്കുന്ന ലഹരി വിരുദ്ധ പരിപാടിയില്‍ നിങ്ങളോരോരുത്തരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു.

മയക്കുമരുന്നിന് അടിമയായ, ചേതനയറ്റ ഒരു യുവസമൂഹമല്ല നമുക്ക് വേണ്ടത്. ഊര്‍ജ്ജസ്വലതയുള്ള, കര്‍മ്മശേഷിയുള്ള യുവതലമുറയ്ക്ക് മാത്രമേ നവകേരളത്തിന്റെ നായകരാകാന്‍ കഴിയൂ. സഹജീവി സ്‌നേഹം, സാമൂഹിക പ്രതിബദ്ധത, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ജീവിതത്തിനുള്ളില്‍ നിന്നുതന്നെ ആനന്ദം കണ്ടെത്താന്‍ കഴിഞ്ഞാല്‍ ജീവിതബാഹ്യവും കൃത്രിമവുമായ ആനന്ദത്തിനായി ബോധം മറയേണ്ടിവരില്ല.

മയക്കുമരുന്നിനും മാരകലഹരിക്കുമെതിരായ പോരാട്ടം നമ്മുടെ ജീവിതത്തിന് അര്‍ഥം കണ്ടെത്താനും, ഭാവി തലമുറയ്ക്ക് കരുതലൊരുക്കാനുമുള്ളതാണ്. ഓരോ മലയാളിയും ഈ ജനകീയ പോരാട്ടത്തിലെ പടയാളികളായി മാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഈ യുദ്ധം നമുക്ക് ജയിച്ചേ തീരൂ,’ എം.ബി. രാജേഷ് പറഞ്ഞു.