|

കേരള പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡിനും ഖാദിക്കും സംസ്ഥാന സർക്കാരിന്റെ ധനസഹായം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡിന്‌ (കെ.പി.പി.എൽ) സംസ്ഥാന സർക്കാർ സഹായമായി 25 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ. കമ്പനി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ നൽകേണ്ട വിഹിതത്തിൽനിന്നാണ്‌ തുക നൽകിയിരിക്കുന്നത്. കമ്പനിക്കായി ഈ വർഷം ബജറ്റിൽ വകയിരുത്തിയിരുന്ന തുകയിൽ ബാക്കിയുള്ള നാല് കോടിയും, അധിക ധനസഹായമായി 21 കോടി രൂപയുമാണ്‌ ഇപ്പോൾ അനുവദിച്ചത്‌.

കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനമായിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡ് വിറ്റഴിക്കാൻ തീരുമാനിച്ചതിനെ തുടർന്ന്‌ ടെണ്ടറിൽ പങ്കെടുത്ത് സംസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന്‌ കേരള പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡ്‌ എന്ന പേരിൽ പുനരുദ്ധരിക്കുകയും ചെയ്തു. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ ഉത്തരവ്‌ പ്രകാരം 129.89 കോടി രൂപയായിരുന്നു സംസ്ഥാന സർക്കാർ കമ്പനിയുടെ പുനരുദ്ധാരണത്തിന്‌ നൽകേണ്ടിയിരുന്നത്. അതിൽ 106 കോടി രൂപ ഇതിനകം തന്നെ ലഭ്യമാക്കിയിട്ടുണ്ട്.

അതേസമയം ഖാദി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനായി 2.44 കോടി രൂപ അനുവദിച്ചതായും ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. ഖാദി നൂൽ നൂൽപ്പുകാർക്കും നെയ്‌ത്തുകാർക്കും ഉത്പാദക ബോണസും ഉൽസവ ബത്തയുമടക്കം വിതരണം ചെയ്യാൻ ഈ തുക വിനിയോഗിക്കും.

12,500 തൊഴിലാളികൾക്കാണ്‌ ഈ തുക വഴി ആനുകൂല്യം ലഭിക്കുക. ബജറ്റിൽ 5.60 കോടി രൂപയാണ്‌ ഇതിനായി വകയിരിത്തിയിരുന്നത്‌. നേരത്തെ 3.16 കോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ ബാക്കിയായിട്ടാണ് ഇപ്പോൾ ഈ തുക അനുവദിച്ചിരിക്കുന്നത്.

Content Highlight: State government provides financial assistance to Kerala Paper Products Limited and Khadi