കോഴിക്കോട്: ഹൈക്കോടതിയുടേയും സുപ്രീം കോടതിയുടെയും ഉത്തരവുകള്‍ക്കും അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനും പുല്ലുവില നല്‍കി സംസ്ഥാന സര്‍ക്കാര്‍. അഡ്മിഷനില്‍ വ്യാപക ക്രമക്കേടുകള്‍ നടത്തിയ അഞ്ചരക്കണ്ടിയിലുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ 137 വിദ്യാര്‍ത്ഥികളുടേയും പാലക്കാട് കരുണ മെഡിക്കല്‍ കോളേജിലെ 31 വിദ്യാര്‍ത്ഥികളുടേയും അഡ്മിഷന്‍ സാധുവാക്കാനായാണ് മന്ത്രിസഭ ഓര്‍ഡിനന്‍സ് പുറത്തിറക്കി.
അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയുടെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും 2016-2017 വര്‍ഷത്തെ അഡ്മിഷനിലാണ് വ്യാപകമായ ക്രമക്കേടുകള്‍ ഉണ്ടായതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ റദ്ദാക്കപ്പെട്ടിരുന്നു. ഇതിനെ മറികടക്കാനാണ് വിചിത്രമായ വ്യവസ്ഥകളോടെയുള്ള ഓര്‍ഡിനന്‍സ് പിണറായി വിജയന്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്.
ക്രമക്കേടിന്റെ ചരിത്രം
അപേക്ഷകള്‍ സ്വീകരിക്കുന്നത് ഓണ്‍ലൈനില്‍ മാത്രമായിരിക്കണം, മെറിറ്റ് പട്ടികയും വെയിറ്റിങ് ലിസ്റ്റ് എന്നിവയെല്ലാം പ്രസിദ്ധീകരിക്കണം എന്നെല്ലാമുള്ള നിര്‍ദ്ദേശങ്ങളാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജിനും പാലക്കാട് കരുണ മെഡിക്കല്‍ കോളേജിനും അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി നല്‍കിയത്. എന്നാല്‍ ഇതിനെയെല്ലാം അവഗണിച്ച് മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെയാണ് അഡ്മിഷന്‍ നടത്തിയത്.
എന്നാല്‍ കോളേജിന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. വെബ്‌സൈറ്റ് പോലും തുറക്കാതിരുന്ന കോളേജ് പിന്നീട് കമ്മിറ്റിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വെബ്‌സൈറ്റ് തുറന്നത്. ഓണ്‍ലൈന്‍ അപേക്ഷകളുടെ പട്ടിക കമ്മീഷന്റെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.
ഇതെല്ലാം അവഗണിച്ച് മാനേജ്‌മെന്റ് സീറ്റുകച്ചവടം നടത്തുകയായിരുന്നു. തലവരിപ്പണമായി ലക്ഷങ്ങള്‍ വാങ്ങിയാണ് കോളേജില്‍ അഡ്മിഷന്‍ നടന്നത്. എന്നാല്‍ ക്രമക്കേട് അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി കയ്യോടെ പിടിച്ചു. മുഴുവന്‍ അഡ്മിഷനുകളും റദ്ദാക്കിയ കമ്മിറ്റി പ്രവേശന പരീക്ഷാ കമ്മീഷണറോട് പ്രവേശനം ഏറ്റെടുക്കാനും ആവശ്യപ്പെട്ടു.
ഇതിനെതിരെ മാനേജ്‌മെന്റ് കോടതിയില്‍ പോയെങ്കിലും ക്രമക്കേട് ബോധ്യപ്പെട്ട കോടതി മാനേജ്‌മെന്റിന് ഒരു ലക്ഷം രൂപ പിഴശിക്ഷ വിധിക്കുകയും അതുവരെ നടത്തിയ എല്ലാ അഡ്മിഷന്റേയും രേഖകള്‍ അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയുടെ മുന്‍പാകെ ഹാജരാക്കാന്‍ ഉത്തരവിടുകയും ചെയ്തു.
അപൂര്‍ണ്ണമായ രേഖകള്‍ ഹാജരാക്കിയ മാനേജ്‌മെന്റ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ഇടക്കാല സ്റ്റേ ലഭിച്ചെങ്കിലും കേസിന്റെ അവസാനം മാനേജ്‌മെന്റിന്റെ ഹര്‍ജി തള്ളുകയാണ് സുപ്രീം കോടതി ചെയ്തത്. ഇതോടൊപ്പം തന്നെ കോളേജിലെ മുഴുവന്‍ അഡ്മിഷനുകളും അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി റദ്ദാക്കി. വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന് ആരോഗ്യ സര്‍വ്വകലാശാല ഉത്തരവിടുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജിയും സുപ്രീം കോടതി തള്ളിയതോടെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളും പെരുവഴിയിലായി.
അഡ്മിഷന് റദ്ദായതോടെ തലവരിപ്പണമായി മാനേജ്‌മെന്റിനു നല്‍കിയ പണം തിരിച്ചു തരുന്നില്ലെന്നും പണം തിരിച്ചു തരാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നിരവധി രക്ഷിതാക്കള്‍ അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയെ സമീപിച്ചു. സീറ്റിനായി പണം നല്‍കിയ കാര്യം ശരിയാണെന്ന് കമ്മിറ്റി കണ്ടെത്തി. പ്രതിവര്‍ഷം 10 ലക്ഷം രൂപ മാത്രമേ വാങ്ങാന്‍ പാടുള്ളുവെന്നിരിക്കെ 45 ലക്ഷം രൂപ വരെ തലവരിപ്പണമായി മാനേജ്‌മെന്റ് വാങ്ങിയിട്ടുണ്ട്. ഇതു തെളിയിക്കുന്ന രേഖകള്‍ ഡൂള്‍ന്യൂസിന് ലഭിച്ചു.
ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസാണ് മാനേജ്‌മെന്റ് തലവരിപ്പണം വാങ്ങിയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു കമ്മിറ്റിയുടെ കണ്ടെത്തല്‍.
“പേടിക്കേണ്ട, സര്‍ക്കാര്‍ ഒപ്പമുണ്ട്”
ഹൈക്കോടതി, സുപ്രീം കോടതി, അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി എന്നിവിടങ്ങളിലെല്ലാം കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ക്രമക്കേടുകള്‍ തെളിഞ്ഞെങ്കിലും മാനേജ്‌മെന്റിനെ കൈവിടാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതിനായി കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് മന്ത്രിസഭ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.
വൈരുദ്ധ്യങ്ങളുടെ കലവറയാണ് സര്‍ക്കാറിന്റെ ആ ഓര്‍ഡിനന്‍സ്. അതില്‍ പറയുന്ന കാര്യങ്ങളില്‍ പലതും വിചിത്രമായിരുന്നു. ഈ കോളേജുകളില്‍ അഡ്മിഷന്‍ ലഭിച്ച കുട്ടികളുടെ ഭാഗത്ത് തെറ്റുള്ളതായി കണ്ടെത്തിയിട്ടില്ല എന്നാണ് ഓര്‍ഡിനന്‍സിന്റെ ആമുഖത്തില്‍ തന്നെ പറയുന്നത്. അതായത്, കൃത്യസമയത്ത് അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയ്ക്കു മുന്‍പാകെ രേഖകള്‍ ഹാജരാക്കാന്‍ കോളേജുകള്‍ക്ക് കഴിയാത്തതുകൊണ്ടു മാത്രമാണ് ഈ കുട്ടികളുടെ അഡ്മിഷന്‍ റദ്ദാക്കപ്പെട്ടത് എന്നാണ് ഓര്‍ഡിനന്‍സ് പറയുന്നത്.
2016-17 വിദ്യാഭ്യാസ വര്‍ഷത്തില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ സര്‍ക്കാര്‍ നിയമാനുസൃതമാക്കുന്നത് തീര്‍ത്തും നിയമപരമാണെന്ന് ഓര്‍ഡിനന്‍സിന്റെ രണ്ടാം വകുപ്പില്‍ പറയുന്നു. കോടതിയോ അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയോ റദ്ദാക്കിയ അഡ്മിഷനുകളും നിയമാനുസൃതമാക്കാമെന്നും ഇതില്‍ പറയുന്നു.
അഡ്മിഷന് പ്രക്രിയയില്‍ മാനേജ്‌മെന്റുകള്‍ കൃത്രിമം കാണിക്കാതിരിക്കാന്‍ 2016-17 വര്‍ഷം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളുവെന്ന് അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി മെഡിക്കല്‍ കോളേജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഓര്‍ഡിനന്‍സിന്റെ ആമുഖത്തില്‍ പറയുന്നതിനു കടകവിരുദ്ധമാണ് ഇത്.
കുട്ടികളുടെ പ്രവേശനം അംഗീകരിക്കാന്‍ രണ്ടുഘട്ടങ്ങളുള്ള പ്രക്രിയയാണ് ഓര്‍ഡിനന്‍സ് നിര്‍ദ്ദേശിക്കുന്നത്. ആറു വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഒരു കൊംപീറ്റന്റ് അതോറിറ്റിയാണ് ഇത് പരിഗണിക്കേണ്ടത്. എങ്ങനെയാണ് അപേക്ഷ കൊടുത്തത് എന്നത് കണക്കിലെടുക്കേണ്ടതില്ല എന്നാണ് ഇതിലെ ഒരു വ്യവസ്ഥ.
മാനേജ്‌മെന്റുകള്‍ തലവരിപ്പണം വാങ്ങിയിട്ടില്ലെന്നും ലാഭമെടുത്തിട്ടില്ലെന്നും ഉറപ്പുവരുത്തേണ്ടത് കൊംപീറ്റന്റ് അതോറിറ്റിയാണ്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കൊംപീറ്റന്റ് അതോറിറ്റിയായി നിയമിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി തലവരിപ്പണം വാങ്ങിയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അഡ്മിഷന് സൂപ്പര്‍വൈസറി കമ്മിറ്റി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മുഖേനെ കൊംപീറ്റന്റ് അതോറിറ്റിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാരിനെ തിരിഞ്ഞുകൊത്തുന്നതാണ്. മാനേജ്‌മെന്റ് വാങ്ങിയ പണം തലവരിപ്പണമാണെന്ന് സര്‍ക്കാര്‍ കമ്മിറ്റി കണ്ടെത്തുന്നതും ഔദ്യോഗികമായി രേഖപ്പെടുന്നതും ആദ്യത്തെ സംഭവമാണ്.
തലവരിപ്പണം വാങ്ങിയിട്ടില്ല എന്ന് ഉറപ്പു വരുത്തണമെന്ന നിബന്ധന കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ പാലിക്കാന്‍ കഴിയില്ലെന്നും കോളേജിനെതിരെ നടപടി വേണമെന്നുമാണ് കൊംപീറ്റന്റ് അതോറിറ്റി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ രേഖകള്‍ സമയത്ത് തന്നെ സമര്‍പ്പിച്ചിരുന്നെങ്കില്‍ പ്രവേശനം ലഭിക്കുമായിരുന്ന 44 കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനും അതോറിറ്റി നിര്‍ദ്ദേശിച്ചിരുന്നു.
ഈ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പു മന്ത്രി കെ.കെ ശൈലജയ്ക്കും പിന്നീട് നിയമവകുപ്പു മന്ത്രി എ.കെ ബാലനും അയച്ചു. അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയുടേയും കൊംപീറ്റന്റ് അതോറിറ്റിയുടേയും കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ നിന്ന് നിയമസെക്രട്ടറി നീക്കം ചെയ്തു. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന്റേയും നിയമവകുപ്പിന്റേയും അഭിപ്രായങ്ങള്‍ വിരുദ്ധമായതിനാല്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി കാണട്ടെ എന്നു പറഞ്ഞ് നിയമമന്ത്രി അത് മുഖ്യമന്ത്രിയ്ക്ക് അയക്കുകയായിരുന്നു.
പ്രസക്തമായ ഭാഗങ്ങള്‍ നിയമ സെക്രട്ടറി ഒഴിവാക്കിയ ശേഷമുള്ള റിപ്പോര്‍ട്ടിനോടു യോജിച്ച മുഖ്യമന്ത്രി ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭ തീരുമാനമെടുക്കട്ടെയെന്ന് നിര്‍ദ്ദേശിക്കുന്നു. തുടര്‍ന്ന് ജനുവരി 31-ന് നടന്ന മന്ത്രിസഭായോഗം മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം അട്ടിമറിച്ചു കൊണ്ട് അഡ്മിഷനുകള്‍ക്ക് അംഗീകാരം നല്‍കി.
കോംപീറ്റന്റ് അതോറിറ്റി പറയുന്നത് ഇങ്ങനെ:
കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ 2016-17 എം.ബി.ബി.എസ് ബാച്ചിലെ 12 വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ അഡ്മിഷന്‍ സമയത്ത് നല്‍കിയ പണം തിരിച്ചു നല്‍കാന്‍ മാനേജ്മെന്റിനോടു നിര്‍ദ്ദേശിക്കണമെന്ന ആവശ്യവുമായി അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. 21,65,000 രൂപ മുതല്‍ 45,17,000 രൂപ വരെ വിദ്യാര്‍ത്ഥികളില്‍/രക്ഷിതാക്കളില്‍ നിന്ന് മാനേജ്മെന്റ് വാങ്ങിയതായി അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയുമായി നടത്തിയ ആശയവിനിമയത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. കൂടുതലായി,
അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി ഇങ്ങനെ പറയുന്നു:
“അനുവദിനീയമായ പരിധിയേക്കാള്‍ എത്രയോ അധികമാണ് ഫീസ് ഇനത്തില്‍ കോളേജ് വാങ്ങിയത് എന്ന കാര്യം സ്പഷ്ടമാണ്. ഈ പണം തലവരിപ്പണമാണെന്നതും വ്യക്തമാണ്.”
ആയതിനാല്‍ അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയില്‍ നിന്നു ലഭിച്ച വിവരങ്ങളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് തലവരിപ്പണം വാങ്ങിയെന്ന കാര്യം തെളിഞ്ഞിരിക്കുകയാണ്.
അതായത്:
1. മെറിറ്റിനെ അട്ടിമറിച്ചു.
2. തലവരിപ്പണമായി മാനേജ്‌മെന്റ് ലക്ഷങ്ങള്‍ എണ്ണി വാങ്ങി.
3. ഹൈക്കോടതിയും സുപ്രീം കോടതിയും റദ്ദാക്കി.
4. ഓര്‍ഡിനന്‍സില്‍ പറയുന്ന രണ്ടു വ്യവസ്ഥകള്‍ പാലിക്കപ്പെട്ടില്ല.
മുകളില്‍ എണ്ണമിട്ടു പറഞ്ഞ നിയമലംഘനങ്ങളിലൂടെയുള്ള കണ്ണൂര്‍, പാലക്കാട് കരുണ എന്നീ മെഡിക്കല്‍ കോളേജുകളിലെ അഡ്മിഷനുകള്‍ക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
സ്വാശ്രയ കോളേജ് വിഷയത്തില്‍ ഏറ്റവും അധികം പ്രക്ഷോഭങ്ങള്‍ നടത്തിയ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഈ ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് കൂട്ടു നിന്നത് എന്നതാണ് ഇവിടെ ശ്രദ്ധേയമായ കാര്യം. മാനേജ്‌മെന്റും സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനും അഴിമതിയ്ക്കും വരെ സാധ്യതയുള്ള വിവരങ്ങളാണ് തെളിവുകള്‍ ഉള്‍പ്പെടെ പുറത്തുവന്നിരിക്കുന്നത്.
ഇടപെടലുമായി സുപ്രീം കോടതി
അതേസമയം കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളെ സഹായിക്കാനായി ഓര്‍ഡിനന്‍സ് പുറത്തിറക്കിയ പിണറായി വിജയന്‍ സര്‍ക്കാരിന് രൂക്ഷവിമര്‍ശനമാണ് സുപ്രീം കോടതിയില്‍ നിന്നും ഏല്‍ക്കേണ്ടി വന്നത്. ഓര്‍ഡിനന്‍സ് നിയമവിരുദ്ധമാണെന്ന ശ്രദ്ധേയമായ നിരീക്ഷണമാണ് ഇന്ന് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. സുപ്രീം കോടതി നിര്‍ദ്ദേശം മറികടക്കാന്‍ സര്‍ക്കാരിന് ആവില്ലെന്നും സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു.
വിദ്യാര്‍ത്ഥികളുടെ പേരില്‍ നിയമലംഘനം അനുവദിക്കാന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കരുത്. കോടതി വിധി മറികടക്കാനുള്ള സര്‍ക്കാരിന്റെ പ്രവണത അംഗീകരിക്കാന്‍ ആകില്ല. വേണ്ടിവന്നാല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യും. സര്‍ക്കാരുകള്‍ ഇങ്ങനെ നിയമരൂപീകരണം നടത്തിയാല്‍ മധ്യപ്രദേശിലെ വ്യാപം തട്ടിപ്പ് പോലുള്ള കേസുകളുടെ അവസ്ഥ എന്താകുമെന്നും സുപ്രീം കോടതി ചോദിച്ചു.
അഡ്മിഷനുകള്‍ക്ക് അംഗീകാരം നല്‍കാനായുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് റിട്ട് ബര്‍ജി നല്‍കിയത്. സാധാരണഗതിയില്‍ ഓര്‍ഡിനന്‍സുകള്‍ കോടതി സ്റ്റേ ചെയ്യാറില്ല. എന്നാല്‍ ഈ കേസില്‍ അത് ചെയ്യേണ്ടി വരുമെന്നാണ് ജസ്റ്റിസ് യു.യു ലളിതാണ് പറഞ്ഞത്.
കുട്ടികളെ മുന്നില്‍ നിര്‍ത്തി ന്യായീകരിച്ച് സര്‍ക്കാര്‍
കോടതിയില്‍ നിന്നും ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെ ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി രംഗത്തെത്തി. പ്രവേശനം ക്രമപ്പെടുത്താന്‍ ഭരണ-പ്രതിപക്ഷ ഭേദമന്യെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് വിദ്യാര്‍ത്ഥികളോടുള്ള മാനുഷിക പരിഗണന വെച്ചാണെന്നാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞത്.
വിദ്യാര്‍ത്ഥികളെ മാനേജ്മെന്‍റിന്‍റെ ചതിയില്‍ നിന്ന് രക്ഷിക്കാനായിരുന്നു സര്‍ക്കാറിന്റെ ഈ നടപടി. ഓര്‍ഡിനന്‍സ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ച സാഹചര്യത്തില്‍ നിയമവശം പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരപിക്കുമെന്നും ശൈലജ പറഞ്ഞു.
പുതിയ സംഭവവികാസം
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ 2016-17 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന് അംഗീകാരം നല്‍കാനായി മന്ത്രിസഭ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നാണ് പാലക്കാട് സ്വദേശി രംഗോരത്ത് ഗോകുല്‍ പ്രസാദ് നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
പ്രവേശനം സുപ്രീം കോടതി റദ്ദാക്കി ഏഴുമാസം കഴിഞ്ഞാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത് എന്നതിനാല്‍ ഇതിനു പിന്നില്‍ അഴിമതി ഉണ്ടെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഉടമ ജബ്ബാറിനെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഉന്നത ഇടപെടല്‍ കാരണം ഈ കേസുകളില്‍ തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
തിങ്കളാഴ്ച പരിഗണിക്കുന്ന (ഏപ്രില്‍ 28) ഹര്‍ജികളുടെ കൂട്ടത്തില്‍ ഈ ഹര്‍ജി ഇല്ലെങ്കിലും അന്നേ ദിവസം ഗോകുല്‍ പ്രസാദിന്റെ അഭിഭാഷര്‍ കോടതിയില്‍ ഹാജരാകും എന്നാണ് ദല്‍ഹിയില്‍ നിന്നും അറിയുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ത്ഗിയാണ് കേസില്‍ സംസ്ഥാന സര്‍ക്കാറിനു വേണ്ടി ഹാജരാകുന്നത്.