തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി വി. എസ് ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
രമേശ് ചെന്നിത്തല, കെ. ബാബു, വി. എസ് ശിവകുമാര്‍ എന്നിവര്‍ക്ക് പണം കൈമാറിയിട്ടുണ്ടെന്നാണ് ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഒരുങ്ങുന്നത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിയ്ക്കായി മുന്‍ മന്ത്രി കെ. ബാബുവിന്റെ നിര്‍ദേശ പ്രകാരം ബാറുടമകളില്‍ നിന്നും പത്ത് കോടി പിരിച്ചെടുത്തു. ഒരു കോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം കെ. ബാബുവിനും 25 ലക്ഷം വി.എസ് ശിവകുമാറിനും കൈമാറിയെന്നാണ് ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണം നടത്തി വിജിലന്‍സ് ഫയല്‍ സര്‍ക്കാരിന് കൈമാറുകയായിരുന്നു. പ്രാഥമികാന്വേഷണം നടത്താനുള്ള അനുമതിയും വിജിലന്‍സ് സര്‍ക്കാരിനോട് തേടിയിരുന്നു.
കേസില്‍ സര്‍ക്കാരിന് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ ഗവര്‍ണറുടെയും സ്പീക്കറുടെയും അനുമതി കൂടി ആവശ്യമാണ്. ജനപ്രതിനിധികളായതിനാലും ഇവര്‍ക്കെതിരെ നേരത്തെ അന്വേഷണം നടന്നതിനാലുമാണ് സ്പീക്കറുടെയും ഗവര്‍ണറുടെയും അനുമതിയ്ക്കായി ഫയല്‍ അയക്കുന്നത്.
മുന്‍ മന്ത്രി കെ. എം മാണിക്കെതിരായ ബാര്‍ കോഴക്കേസിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ബിജു രമേശ് വീണ്ടും ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: State Government ordered vigilance inquest over Bar Corruption case against Ramesh Chennithala