| Thursday, 3rd March 2022, 10:01 am

ഉക്രൈനില്‍ നിന്ന് ദല്‍ഹിയില്‍ എത്തുന്നവരെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉക്രൈനില്‍ നിന്ന് ദല്‍ഹിയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പണറായി വിജയന്‍.

ആദ്യ വിമാനം രാവിലെ 9.30ന് ദല്‍ഹിയില്‍ നിന്നും തിരിക്കും. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ദല്‍ഹിയില്‍ നിന്ന് പുറപ്പെടും.

കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍ഗോട്ടേക്കും ബസ് സര്‍വീസുണ്ടാകും. കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍ വനിതകളടക്കമുള്ള നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്കയുടെ പ്രത്യേക ടീമുകള്‍ പ്രവര്‍ത്തനനിരതമാണെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഉക്രൈനിലെ യുദ്ധമേഖലയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ റഷ്യ വഴി സുരക്ഷിതമായി പുറത്തെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് പുറത്തുകടക്കാന്‍ മാനുഷിക പരിഗണന മുന്‍നിര്‍ത്തി സുരക്ഷിത പാത(Humanitarian Corridor) ഒരുക്കുന്നതിന് പ്രധാനമന്ത്രി റഷ്യന്‍ നേതൃത്വവുമായി അടിയന്തരമായി ഇടപെടണം. കുടുങ്ങി കിടക്കുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാരുകളുടെയും റെഡ്ക്രോസ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെയും സഹകരണം ഉറപ്പുവരുത്തണമെന്നും മഖ്യമന്ത്രി കത്തിലൂടെ അഭ്യര്‍ത്ഥിച്ചു. ഒഴിപ്പിക്കല്‍ നടപടികള്‍ പ്രധാനമായും കീവ് ഉള്‍പ്പെടെയുള്ള യുക്രൈനിലെ പടിഞ്ഞാറന്‍ മേഖലകളിലാണ് ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചത്.

എന്നാല്‍ കാര്‍ക്കീവ്, സുമി തുടങ്ങിയ ഉക്രൈനിലെ കിഴക്കന്‍ മേഖലകളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. അവിടങ്ങളില്‍ യുദ്ധം തീവ്രമായിട്ടുണ്ട്. ഇരു നഗരങ്ങളിലും ബോംബിങ്ങും ഷെല്ലിങ്ങും രൂക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്നില്ല. അതിന്റെ അഭാവത്തില്‍ പല വിദ്യാര്‍ത്ഥികളും സ്വന്തം നിലയ്ക്ക് പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങാന്‍ ശ്രമിക്കുന്നുണ്ട്. ഇതവരുടെ ജീവനു വലിയ വെല്ലുവിളിയാണ് ഉയരുന്നതെന്നു മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

CONTENT HIGHLIGHTS:  State government has set up chartered flights to repatriate those arriving in Delhi from Ukraine

We use cookies to give you the best possible experience. Learn more