| Friday, 6th May 2022, 4:04 pm

24 മണിക്കൂറിനുള്ളില്‍ തടവുകാര്‍ക്ക് വൈദ്യപരിശോധന നടത്തണം; പ്രതിക്കും റിപ്പോര്‍ട്ട് പരിശോധിക്കാം: സര്‍ക്കാര്‍ ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തടവുകാര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭ അംഗീകരിച്ച അറസ്റ്റുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പരിശോധന റിപ്പോര്‍ട്ട് പ്രതികള്‍ക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

തടവുകാര്‍ക്ക് ഉദ്യോഗസ്ഥരില്‍ നിന്ന് മര്‍ദനമേല്‍ക്കുകയോ, മൂന്നാംമുറ നേരിടേണ്ടി വരികയോ ചെയ്തിട്ടുണ്ടോ എന്നത് സംബന്ധിച്ച് പ്രത്യേക പരിശോധന നടത്തണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. തടവുകാരുടെ ദേഹത്തുള്ള പരിക്കുകളും മുറിവുകളും പ്രത്യേകം രേഖപ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

കസ്റ്റഡി സമയത്ത് പരിക്കുകള്‍ സംഭവിച്ചുട്ടുണ്ടെങ്കില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അറസ്റ്റിലായവര്‍ക്കും റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ ബാധകമാണ്.

അറസ്റ്റിലായവരുടെ വൈദ്യപരിശോധന നടത്താന്‍ സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് അനുമതിയുണ്ടായിരിക്കില്ല. കേന്ദ്ര-സംസ്ഥാന ഡോക്ടര്‍മാരാണ് പരിശോധന നടത്തേണ്ടത്. ഇവരുടെ അഭാവത്തില്‍ മാത്രമേ സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് പരിശോധന നടത്താന്‍ അനുമതിയുണ്ടാകു.

വൈദ്യപരിശോധനയും ക്ലിനിക്കല്‍ പരിശോധനയും സൗജന്യമായി നല്‍കണമെന്നും നിര്‍ദേശമുണ്ട്. അനിവാര്യമെങ്കില്‍ മാത്രം സ്വകാര്യ ലാബുകളില്‍ പരിശോധന നടത്താം.

CONTENT HIGHLIGHTS: state government has made it mandatory for prisoners to undergo a medical examination within 24 hours

We use cookies to give you the best possible experience. Learn more