ഹരിയാനയില്‍ സംഘര്‍ഷ മേഖലയില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുന്നു; 166 പേര്‍ അറസ്റ്റില്‍
national news
ഹരിയാനയില്‍ സംഘര്‍ഷ മേഖലയില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുന്നു; 166 പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd August 2023, 8:30 am

ന്യൂദല്‍ഹി: ഹരിയാനയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. നാല് കമ്പനി കേന്ദ്ര സേനയെക്കൂടി അയക്കണമെന്നാണ് ഹരിയാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

സംഘര്‍ഷത്തില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 166 ആയി. മൂന്ന് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിച്ചിരിക്കുകയാണ്. നൂഹ്, ഗുഡ്ഗാവ്, ഫരീദാബാദ് തുടങ്ങിയ സ്ഥലത്താണ് ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുന്നത്.

ഇതുവരെ ആറ് പേര്‍ സംഘര്‍ഷത്തില്‍ മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍കൂടി ബുധനാഴ്ച മരിച്ചു. ബജ്റംഗ്ദള്‍ നേതാവ് പ്രദീപ് ശര്‍മയാണ് മരിച്ചത്. നേരത്തെ മരിച്ചവരില്‍ ഒരു പള്ളി ഇമാമും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിരുന്നു. ഹരിയാനയിലെയും ദല്‍ഹിയിലെയും വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്നത്.

അക്രമണം പൊട്ടിപ്പുറപ്പെട്ട നൂഹില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ അക്രമിച്ചതായി എഫ്.ഐ.ആറുണ്ട്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും മകളും കാറില്‍ പോകുന്നതിനിടയില്‍ ജനക്കൂട്ടം തടഞ്ഞുനിര്‍ത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിലുള്ളത്. കാറ് അക്രമികള്‍ കത്തിച്ചെന്നും പരാതിയില്‍ പറയുന്നു.

രാജസ്ഥാന്‍- യു.പി പോലുള്ള സംസ്ഥാനങ്ങളിലേക്കും സംഘര്‍ഷം വ്യാപിക്കാതിരിക്കാനുള്ള ജാഗ്രതാ നിര്‍ദേശമണ്ട്. ദല്‍ഹിയിലും നിരീക്ഷണം ശക്തമാണ്. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് പലയിടത്തും വി.എച്ച്.പി സംഘടിപ്പിച്ച പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘര്‍ഷ സാഹചര്യം സൃഷ്ടിച്ചിരുന്നു.

അതിനിടയില്‍, സംഘപരിവാര്‍ സംഘടനകളാണ് കലാപത്തിന് കാരണക്കാരെന്ന് ഗുരുഗ്രാം ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രിയുമായ റാവു ഇന്ദര്‍ജിത് സിങ്ങും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗത്താലയും കഴിഞ്ഞ ദിവിസം പറഞ്ഞിരുന്നു.

വി.എച്ച്.പിയും ബജ്റംഗദളും യാത്രയുടെ വിവരം ജില്ലാ അധികൃതര്‍ക്ക് കൈമാറിയില്ലെന്നാണ് ദുഷ്യന്ത് ചൗത്താലയുടെ ആരോപണം. റാവു ഇന്ദര്‍ജിത് സിങ് വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

Content Highlight: State government has asked for more central forces in the background of the conflict in Haryana