| Friday, 25th June 2021, 11:11 pm

ഒരു ലക്ഷം കമ്പ്യൂട്ടറുകളെത്തിക്കും; ആദിവാസി മേഖലകളിലെ പൊതുയിടങ്ങളില്‍ കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ച് പഠന സൗകര്യം ഒരുക്കാന്‍ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആദിവാസി മേഖലകളില്‍ കമ്പ്യൂട്ടറും ലാപ്‌ടോപ്പും എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഹൈടക്ക് പദ്ധതി പ്രകാരം സ്‌കൂളുകള്‍ക്ക് നല്കിയ ഒരു ലക്ഷം കമ്പ്യൂട്ടറുകള്‍ തിരിച്ചെടുത്താണ് ആദിവാസി മേഖലളില്‍ കമ്പ്യൂട്ടറുകളെത്തിക്കുന്നത്.

കൈറ്റ്‌സി(കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍)നെയാണ് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ആദിവാസി മേഖലകളിലെ പൊതുയിടങ്ങളില്‍ കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ച് പഠന സൗകര്യം ഒരുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം അവതാളത്തിലാകുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതുകൂടി പരിഹരിച്ചാകും പുതിയ പദ്ധതി നടപ്പാക്കുക. റേഞ്ച് തിരഞ്ഞ് മരക്കൊമ്പുകളിലും പാറപ്പുറത്തും മറ്റും ഇരുന്ന് കുട്ടികള്‍ ക്ലാസില്‍ പങ്കെടുക്കുന്നത് വലിയ വര്‍ത്തയായിരുന്നു.

അതേസമയം, പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നതും ആദിവാസി-ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയുണ്ടാക്കുന്നതായി കണ്ണൂര്‍ ഡയറ്റ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ഡിജിറ്റല്‍ ക്ലാസുകളുടെ വേഗതയും ഉപയോഗിക്കുന്ന ഭാഷയും രക്ഷിതാക്കളുടെ പിന്തുണയില്ലാത്തതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നതായും പഠന സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. കൊവിഡ് കാലത്തെ ഡിജിറ്റല്‍ വിദ്യാലയത്തെക്കുറിച്ച് ഡയറ്റ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍.

CONTENT HIGHLIGTS: State government decides to bring computers and laptops to tribal areas

We use cookies to give you the best possible experience. Learn more