തിരുവനന്തപുരം: ആദിവാസി മേഖലകളില്‍ കമ്പ്യൂട്ടറും ലാപ്‌ടോപ്പും എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഹൈടക്ക് പദ്ധതി പ്രകാരം സ്‌കൂളുകള്‍ക്ക് നല്കിയ ഒരു ലക്ഷം കമ്പ്യൂട്ടറുകള്‍ തിരിച്ചെടുത്താണ് ആദിവാസി മേഖലളില്‍ കമ്പ്യൂട്ടറുകളെത്തിക്കുന്നത്.
കൈറ്റ്‌സി(കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍)നെയാണ് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ആദിവാസി മേഖലകളിലെ പൊതുയിടങ്ങളില്‍ കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ച് പഠന സൗകര്യം ഒരുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം അവതാളത്തിലാകുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതുകൂടി പരിഹരിച്ചാകും പുതിയ പദ്ധതി നടപ്പാക്കുക. റേഞ്ച് തിരഞ്ഞ് മരക്കൊമ്പുകളിലും പാറപ്പുറത്തും മറ്റും ഇരുന്ന് കുട്ടികള്‍ ക്ലാസില്‍ പങ്കെടുക്കുന്നത് വലിയ വര്‍ത്തയായിരുന്നു.
അതേസമയം, പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നതും ആദിവാസി-ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയുണ്ടാക്കുന്നതായി കണ്ണൂര്‍ ഡയറ്റ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.