കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്കുള്ള സഹായവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
നേരത്തെ അപകടം സംഭവിച്ച സ്ഥലം മുഖ്യമന്ത്രിയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സന്ദര്‍ശിച്ചിരുന്നു. തീര്‍ത്തും ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരിച്ചവരുടെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം എത്രയും പെട്ടെന്ന് നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ കാര്യത്തിലും സര്‍ക്കാര്‍ വേണ്ട ശ്രദ്ധ പുലര്‍ത്തുമെന്നും ഏത് ആശുപത്രിയിലും ചികിത്സയ്ക്കുള്ള സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവം നടന്ന ഉടനെതന്നെ ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനമാണ് നടന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അപകടം നടന്ന സ്ഥലവും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മുഖ്യമന്ത്രിക്ക് പുറമെ വ്യോമയാന മന്ത്രിയും സ്ഥലം സന്ദര്‍ശിച്ചിരുന്നു.
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും സാരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ ഇടക്കാലാശ്വാസമായാണ് തുക നല്‍കുക. അപകടം കാരണം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും ബ്ലാക്ക് ബോക്സ് പരിശോധിച്ച ശേഷം മാത്രമേ അപകടത്തെ കുറിച്ച് പറയാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ഊഹാപോഹങ്ങള്‍ക്കുള്ള സമയമല്ല ഇതെന്നും പരമാവധി തെളിവുകള്‍ കണ്ടെത്തുകയാണ് പ്രധാനമെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
സമയോചിതമായ ഇടപെടല്‍ ദുരന്തത്തിന്റെ ആക്കം കുറച്ചെന്നും വിമാനത്താവള അധികൃതരും പ്രാദേശിക ഭരണകൂടവും കൃതമായി ഇടപെടല്‍ നടത്തിയെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തില്‍ താന്‍ അഗാധമായ ദുഖം രേഖപ്പെടുത്തുകയാണെന്നും അനുഭവ സമ്പത്തുള്ള പൈലറ്റാണ് വിമാനം പറത്തിയെതന്നും മന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content highlight: Government of Kerala announces Rs 10 lakh for the family of the deceased