സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം തള്ളി; സംഘപരിവാര്‍ അനുകൂലിയ്ക്ക് സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് അധ്യക്ഷസ്ഥാനം
Kerala
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം തള്ളി; സംഘപരിവാര്‍ അനുകൂലിയ്ക്ക് സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് അധ്യക്ഷസ്ഥാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th September 2017, 11:31 am

തിരുവനന്തപുരം: സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം തള്ളി സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡ് അധ്യക്ഷനായി എസ്.സി ജോഷിയെ നിയമിച്ചു. പ്രശസ്ത ജൈവ വൈവിധ്യ വിദഗ്ധനും പ്ലാച്ചിമട ഉന്നതതല സമിതി അംഗവുമായ എസ്. ഫൈസിയെ മറികടന്നാണ് സംസ്ഥാന വനം മേധാവിയായിരുന്ന എസ്.സി ജോഷിയുടെ നിയമനം.

സംഘപരിവാറിന്റെ വനവാസി യോജന പദ്ധതിയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ജോഷി പാരിസ്ഥിതിക വിഷയങ്ങളില്‍ കാര്യമായ സംഭാവനയൊന്നും നല്‍കിയിട്ടില്ലാത്ത വ്യക്തിയാണ്. എന്നാല്‍ ബംഗാളിലെ ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാരിന്റെ കാലത്ത് ജപ്പാന്‍ സഹായത്തോടെയുള്ള വന സംരക്ഷണ പദ്ധതിയുടെ ഉപദേശകനായിരുന്നു ഫൈസി. ത്രിപുരയിലെ ഇടത് സര്‍ക്കാര്‍ ഇതേ പദ്ധതി നടപ്പാക്കിയപ്പോഴും നേതൃസ്ഥാനത്ത് ഫൈസിയായിരുന്നു.


Also Read: ബൈക്കിലെ അഭ്യാസ പ്രകടനം ചോദ്യം ചെയ്തതിന് തിരുവനന്തപുരത്ത് നടുറോഡില്‍ യുവാവിന് ക്രൂരമര്‍ദനം


2011 ല്‍ ഹൈദരാബാദില്‍ നടന്ന ആഗോള ജൈവ വൈവിധ്യ കണ്‍വെന്‍ഷന്റെ പ്രഖ്യാപനം തയ്യാറാക്കുന്നതിലും ഫൈസിയുടെ ഇടപെടലുണ്ടായിരുന്നു. സോഷ്യലിസ്റ്റ് ജൈവ വൈവിധ്യ വിദ്ഗധന്‍ എന്നാണ് ഫൈസി അറിയപ്പെടുന്നത്.

2006 ല്‍ വി.എസ് സര്‍ക്കാര്‍ രൂപവത്ക്കരിച്ച ജൈവ വൈവിധ്യ ബോര്‍ഡില്‍ പാരിസ്ഥിതിക വിദഗ്ധനായ വി.എസ് വിജയനെ അധ്യക്ഷനായി നിയമിച്ച ശേഷം ആ മേഖലയില്‍ നിന്ന് വൈദഗ്ധ്യം നേടിയ ആരും തന്നെ ബോര്‍ഡിനെ നയിച്ചിട്ടില്ല. യു.ഡി.എഫ് സര്‍ക്കാര്‍ കോളേജ് അധ്യാപകന്‍ ഉമ്മന്‍ വി. ഉമ്മനെയായിരുന്നു ബോര്‍ഡ് അധ്യക്ഷനായി നിയമിച്ചിരുന്നത്.

വിഴിഞ്ഞം തുറമുഖ പദ്ധതിയെ കൂടാതെ അദാനിയുടെ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി, തീരദേശ-മലയോര ഹൈവേ, ശബരിമല വിമാനത്താവള പദ്ധതി തുടങ്ങിയവ നടപ്പാക്കാനിരിക്കെ ഫൈസിയെ മറികടന്ന് ജോഷിയെ സര്‍ക്കാര്‍ നിയമിച്ചത്.


Also Read: ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി; 1200 വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്.ഐ.ആര്‍; ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെ നീക്കി


സി.പി.ഐ.എം കേന്ദ്ര നേതാക്കള്‍ ഫൈസിയ്ക്കു വേണ്ടി വാദിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഇടപെടല്‍ മൂലമാണ് ജോഷി സ്ഥാനത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് ജോഷി ചെയര്‍മാനായി ചുമതലയേറ്റത്.

എന്നാല്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നിയമനം നടത്തിയതെന്നാണ് ആക്ഷേപമുണ്ട്. നിയമനത്തിനു മുമ്പായി ഇന്റേണല്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും പത്രപ്പരസ്യം നല്‍കണമെന്നുമാണ് ചട്ടം. എന്നാല്‍ സര്‍ക്കാര്‍ ഇതൊന്നും പാലിച്ചിട്ടില്ല.