യൂത്ത് ലീഗില്‍ ഭാരവാഹിത്വത്തില്‍ വനിതകളില്ലാത്തത് അംഗത്വമില്ലാത്തതിനാല്‍; മെമ്പര്‍ഷിപ്പ് ഈ വര്‍ഷം മുതല്‍ നല്‍കിത്തുടങ്ങും; അടുത്ത തവണ പരിഗണിക്കുമെന്ന് പി.എം.എ. സലാം
Kerala News
യൂത്ത് ലീഗില്‍ ഭാരവാഹിത്വത്തില്‍ വനിതകളില്ലാത്തത് അംഗത്വമില്ലാത്തതിനാല്‍; മെമ്പര്‍ഷിപ്പ് ഈ വര്‍ഷം മുതല്‍ നല്‍കിത്തുടങ്ങും; അടുത്ത തവണ പരിഗണിക്കുമെന്ന് പി.എം.എ. സലാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd October 2021, 5:25 pm

കോഴിക്കോട്: അംഗത്വമില്ലാത്തതിനാലാണ് മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹിത്വത്തില്‍ വനിതകളില്ലാത്തതെന്ന വിശദീകരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. വനിതകള്‍ക്ക് മെമ്പര്‍ഷിപ്പ് ഈ വര്‍ഷം മുതല്‍ നല്‍കിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

‘യൂത്ത് ലീഗില്‍ വനിതകള്‍ക്ക് ഭാരവാഹിത്വം നല്‍കുന്നത് അടുത്ത തവണ പരിഗണിക്കും. യൂത്ത് ലീഗിന്റെ സെക്രട്ടറിയേറ്റ് വിപുലീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.

പ്രവര്‍ത്തക സമിതിയുടെ തീരുമാനമനുസരിച്ച് 17ല്‍ നിന്ന് 11 ലേക്ക് ഭാരവാഹി പട്ടിക ചുരുക്കിയതിനാല്‍ പ്രഗത്ഭരെ മാറ്റിനിര്‍ത്തേണ്ടി വന്നിട്ടുണ്ട്. യൂത്ത് ലീഗ് സെക്രട്ടറിയേറ്റില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കും,’ പി.എം.എ. സലാ പറഞ്ഞു.

അഷ്റഫലിയുടെ പേര് മാധ്യമങ്ങളില്‍ മാത്രമായിരുന്നുവെന്നും അദ്ദേഹത്തെ ഒഴിവാക്കിയത് സംബന്ധിച്ച ചോദ്യത്തിന് പി.എം.എ. സലാം പ്രതികരിച്ചു.

അതേസമയം, യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയില്‍ മുനവ്വറലി തങ്ങള്‍ പ്രസിഡന്റായും പി.കെ. ഫിറോസ് ജനറല്‍ സെക്രട്ടറിയായും തുടരും. ഇസ്മയില്‍ പി. വയനാടാണ് ട്രഷറര്‍. പ്രവര്‍ത്തക സമിതി തീരുമാനമനുസരിച്ച് 17 ഭാരാഹികളെന്നത് ഇത്തവണ 11 ആക്കിയിട്ടുണ്ട്. സീനിയര്‍ വൈസ് പ്രസിഡന്റ് എന്ന പദവിയും പുതിയ കമ്മിറ്റിയില്‍ ഒഴിവാക്കിയിട്ടുണ്ട്.

പുതിയ ഭാരവാഹി ലിസ്റ്റില്‍ വനിതകളില്ല. യൂത്ത് ലീഗില്‍ 20 ശതമാനം വനിതാ പ്രാതിനിധ്യം തീരുമാനിച്ചിട്ടുണ്ടങ്കിലും ഇത്തവണ നടപ്പിലാക്കണമോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നു. അവസാനം വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ലീഗിന്റെ പോഷക സംഘടനകളില്‍ വനിതകള്‍ക്ക് 20 ശതമാനം പ്രാതിനിധ്യം നല്‍കുമെന്ന് മഞ്ചേരിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ തീരുമാനിച്ചിരുന്നു.

വൈസ് പ്രസിഡന്റുമാരായി മുജീബ് കാടേരി, അഷ്‌റഫ് എടനീര്‍, കെ.എ. മാഹീന്‍, ഫൈസല്‍ ബാഫഖി തങ്ങള്‍ എന്നിവരും സെക്രട്ടറിമാരായി സി.കെ. മുഹമ്മദാലി, നസീര്‍ കാരിയാട്, ജിഷാന്‍ കോഴിക്കോട്, ഗഫൂര്‍ കോല്‍ക്കളത്തില്‍ എന്നിവരെ തെരഞ്ഞെടുത്തു.

അതേസമയം, ടി.പി. അഷ്റഫലിയെ ഒഴിവാക്കിയാണ് പുതിയ കമ്മിറ്റി. മുന്‍ ഹരിത കമ്മിറ്റിക്ക് അനുകൂല നിലപാട് സ്വീകരിച്ചതുകൊണ്ടാണ് ഒഴിവാക്കിയതെന്നാണ് സൂചന.

ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും ട്രഷറര്‍ സ്ഥാനത്തേക്ക് അഷ്‌റഫലി യുടെ പേരാണ് നിര്‍ദ്ദേശിച്ചിരുന്നത്. പാണക്കാട് സാദിഖലി തങ്ങളാണ് ഇതിനെ എതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  state general secretary of the Muslim League, P.M.A. Salam explanation that there are no women in charge of the Muslim Youth League