കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയം അവസാന ഘട്ടത്തിലേക്ക്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 14നാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. അവസാന റൗണ്ടിലെത്തിയ സിനിമകള്‍ വിലയിരുത്തുന്ന തിരക്കിലാണ് ജൂറി അംഗങ്ങള്‍.
119 സിനിമകളാണ് മത്സരത്തിനുള്ളത്. സൂപ്പര്‍ താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങളും വന്‍ വിജയം നേടിയ നവാഗതരുടെ ചിത്രങ്ങളും ലോ ബജറ്റ് ചിത്രങ്ങളും തുടങ്ങി കഥയിലും മേക്കിംഗിലും വ്യത്യസ്തമായ അനുഭവം നല്‍കുന്ന സിനിമകള്‍ ഇക്കൂട്ടത്തിലുണ്ട്. അന്താരാഷ്ട്രതലത്തില്‍ വരെ ശ്രദ്ധ നേടിയ നിരവധി മലയാള ചിത്രങ്ങള്‍ വന്ന വര്‍ഷമായിരുന്നു 2019. മലയാള സിനിമാമേഖല മികച്ച പരീക്ഷണ വിജയങ്ങള്‍ കണ്ട വര്‍ഷം കൂടിയായിരുന്നു കഴിഞ്ഞ വര്‍ഷം. അതിനാല്‍ തന്നെ ഇപ്രാവശ്യം അവാര്‍ഡ് നിര്‍ണയം കടുകട്ടിയാകുമെന്നാണ് സൂചനകള്‍.
ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ടാണ് ജൂറി ചെയര്‍മാന്‍. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍.ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ്.രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെംബര്‍ സെക്രട്ടറി) എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍.
മോഹന്‍ലാലിന്റെ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം, പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍, മമ്മൂട്ടിയുടെ എം.പത്മകുമാര്‍ ചിത്രം മാമാങ്കം എന്നിവയാണ് മത്സരത്തിനുള്ള ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങള്‍. അതേസമയം മോഹന്‍ലാലിന്റെ ഇട്ടിമാണി മെയ്ഡ ഇന്‍ ചൈനയും മമ്മൂട്ടിയുടെ ഉണ്ടയും (ഖാലിദ് റഹ്മാന്‍) പതിനെട്ടാം പടിയും (ശങ്കര്‍ രാമകൃഷ്ണന്‍) മത്സരത്തിനുണ്ട്.
വമ്പന്‍ ചിത്രങ്ങളേക്കാള്‍ മലയാളത്തില്‍ ഏറെ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ ചെറിയ ബജറ്റ് ചിത്രങ്ങള്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടാനുള്ള സാധ്യതകളാണ് പൊതുവെ എല്ലാവരും ചൂണ്ടിക്കാണിക്കുന്നത്. അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ മൂത്തോന്‍, ജല്ലിക്കട്ട്, ബിരിയാണി, വെയില്‍മരങ്ങള്‍ തുടങ്ങിയ ചിത്രങ്ങളും കുമ്പളങ്ങി നൈറ്റ്‌സ്, ഉണ്ട, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങി പുതുമ നിറഞ്ഞ അനുഭവവും തിയറ്റര്‍ വിജയയവും നേടിയ ചിത്രങ്ങളുമെല്ലാം സാധ്യതപ്പട്ടികയിലുണ്ട്.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ ചിത്രം മത്സരത്തിനില്ലെങ്കിലും മകന്‍ ജെനൂസ് സംവിധാനം ചെയത് 9 എന്ന ചിത്രം മത്സരത്തിനുണ്ട്. ഇത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ 9 ന്റെ നിര്‍മ്മാതാവായ പൃഥ്വിരാജാണ് ചിത്രം സമര്‍പ്പിച്ചിരിക്കുന്നതെന്നും സംഭവത്തില്‍ നിയമവിരുദ്ധമായി ഒന്നും തന്നെയില്ലെന്നുമായിരുന്നു കമലിന്റെ പ്രതികരണം.