സംസ്ഥാനചലച്ചിത്ര അവാര്‍ഡ്: സെല്ലുലോയ്ഡ് മികച്ച ചിത്രം നടന്‍ പൃഥ്വിരാജ്, നടി റിമാ കല്ലിങ്കല്‍
Movie Day
സംസ്ഥാനചലച്ചിത്ര അവാര്‍ഡ്: സെല്ലുലോയ്ഡ് മികച്ച ചിത്രം നടന്‍ പൃഥ്വിരാജ്, നടി റിമാ കല്ലിങ്കല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd February 2013, 11:59 am

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 84 ചിത്രങ്ങള്‍ പങ്കെടുത്ത കടുത്ത മല്‍സരത്തിനൊടുവിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. []

മികച്ച നടനായി പൃഥ്വിരാജിനെ തിരഞ്ഞെടുത്തു( ചിത്രം അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ്) മികച്ച നടിയായി റീമാ കല്ലിങ്കലിനെ തിരഞ്ഞെടുത്തു (നിദ്ര, 22 ഫീമെയില്‍ കോട്ടയം) മികച്ച സംവിധായകനുള്ള അവാര്‍ഡിന് ലാല്‍ ജോസ് ( അയാളും ഞാനും തമ്മില്‍ ) അര്‍ഹനായി.

രണ്ടാമത്തെ നടന്‍ മനോജ് കെ ജയന്‍ (കളിയച്ഛന്‍) രണ്ടാമത്തെ നടി സജിത മഠത്തില്‍ (ഷട്ടര്‍) മികച്ച രണ്ടാമത്തെ ചിത്രത്തിന് മധുപാലിന്റെ ഒഴിമുറി അര്‍ഹമായി.

അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സലിംകുമാറിനെ മികച്ച ഹാസ്യനടനായി തെരഞ്ഞെടുത്തു.

കളിയച്ഛന്‍ എന്ന സിനിമയിലൂടെ ബിജിബാല്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. മഞ്ചാടിക്കുരു എന്ന ചിത്രത്തിത്തിലൂടെ അഞ്ജലി മേനോന്‍ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം നേടി. മനോജ് കാന “ചായില്യം” എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി.

“അന്നയും റസൂലും” എന്ന ചിത്രത്തിലൂടെ മധു നീലകണ്ഠന്‍ മികച്ച ക്യാമറാമാനുള്ള പുരസ്‌കാരം നേടി. എഡിറ്റിങ് അജിത് കുമാര്‍ ( അന്നയും റസൂലും) മികച്ച കുട്ടികളുടെ ചിത്രമായി ബ്ലാക്ക് ഫോറസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു.

സെല്ലുലോയ്ഡിലെ കാറ്റേ കാറ്റേ എന്ന ഗാനത്തിന് എം. ജയചന്ദ്രന്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടി. ഈ ചിത്രത്തിലെ ഏനുണ്‌ടെടീ അമ്പിളിച്ചന്തം എന്ന ഗാനം ആലപിച്ച സിത്താരയാണ് മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടത്.

ചിത്രങ്ങളുടെ എണ്ണം വര്‍ധിച്ചതിനാല്‍ മികച്ച സിനിമ, സംവിധായകന്‍, നടന്‍, നടി തുടങ്ങിയ അവാര്‍ഡുകള്‍ക്കു കടുത്ത മല്‍സരമാണ് നടന്നത്.

മന്ത്രി കെ.ബി ഗണേഷ്‌കുമാറാണ് പുരസ്‌കാരം പ്രഖ്യാപനം നടത്തിയത്. ടി വി ചന്ദ്രന്റ  ഭൂമിയുടെ അവകാശികള്‍,മധുപാലിന്റെ ഒഴിമുറി,ലാല്‍ ജോസ് ചിത്രം അയാളും ഞാനും തമ്മില്‍ എന്നിവയാണ് മികച്ച ചിത്രങ്ങളുടെ പരിഗണനയില്‍ അന്തിമറൗണ്ടിലെത്തിയിരുന്നത്.

ഐവി ശശി അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്. സിബി മലയില്‍, വിപിന്‍ മോഹന്‍, ജയശ്രീ കിഷോര്‍, സംഗീതസംവിധായകന്‍ സോമശേഖരന്‍, എഡിറ്റര്‍ രമേശ് വിക്രമന്‍ എന്നിവരാണ് ജൂറിയിലെ മറ്റംഗങ്ങള്‍.

മികച്ച നടനും രണ്ടാമത്തെ നടനുമാകാന്‍ തിലകന്‍, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ലാല്‍, പ്രതാപ് പോത്തന്‍, ദുല്‍ക്കര്‍ സല്‍മാന്‍, ശ്രീനിവാസന്‍ തുടങ്ങിയവര്‍ തമ്മിലായിരുന്നു മല്‍സരം. മികച്ച നടിയും രണ്ടാമത്തെ നടിയുമാകാന്‍ റിമ കല്ലിങ്കല്‍, ശ്വേത മേനോന്‍, കാവ്യ മാധവന്‍, അപര്‍ണ നായര്‍, അനുമോള്‍, ഷംന കാസിം എന്നിവര്‍ മല്‍സരിച്ചു.

ഷട്ടര്‍, സെല്ലുലോയ്ഡ്, ഭൂമിയുടെ അവകാശികള്‍, അയാളും ഞാനും തമ്മില്‍, ഉസ്താദ് ഹോട്ടല്‍, അരികെ, ഒഴിമുറി, ഡയമണ്ട് നെക്‌ലേസ്, ഈ അടുത്തകാലത്ത്, ചായില്യം, എന്റെ, ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്, 22 ഫീമെയില്‍ കോട്ടയം, സ്പിരിറ്റ് തുടങ്ങി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ പതിനഞ്ചോളം ചിത്രങ്ങള്‍ മത്സരത്തില്‍ ഒപ്പത്തിനൊപ്പം നിന്നു.