തിരുവന്തപുരം: സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച നടന്‍ ദിലീപിനും നടി ശ്വേതാ മേനോനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുരസ്‌കാരം നല്‍കി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ബ്ലസിയും ഏറ്റുവാങ്ങി.
തന്റെ ഒന്നരമാസം പ്രായമുള്ള മകള്‍ സബൈനയ്‌ക്കൊപ്പമായിരുന്നു ശ്വേതാ മേനോന്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയത്. നിറഞ്ഞ കൈയ്യടിയോടെയായിരുന്നു ശ്വേതയെ കാണികള്‍ സ്വാഗതം ചെയ്തത്. “സോള്‍ട്ട് ആന്റ് പെപ്പറിലെ” അഭിനയത്തിനാണ് ശ്വേതയെ തേടി മികച്ച നടിക്കുള്ള അവാര്‍ഡ് എത്തിയത്.[]
“വെള്ളരിപ്രാവിന്റെ ചങ്ങാതി”യിലെ പ്രകടനമാണ് ദിലീപിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 2011 ലെ ജെ.സി.ഡാനിയേല്‍ അവാര്‍ഡ് അന്തരിച്ച നടന്‍ ജോസ്പ്രകാശിനുവേണ്ടി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങി.
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം ശ്രീകുമാരന്‍ തമ്പി ഏറ്റുവാങ്ങി. 40 വര്‍ഷത്തിന് ശേഷമാണ് ശ്രീകുമാന്‍ തമ്പിക്ക് അവാര്‍ഡ് ലഭിക്കുന്നത്. മികച്ച സ്വഭാവനടനുള്ള അവാര്‍ഡ് ജഗതി ശ്രീകുമാറിനുവേണ്ടി ശ്രീകുമാരന്‍ തമ്പി വാങ്ങി.
മികച്ച രണ്ടാമത്തെ നടി നിലമ്പൂര്‍ ആയിഷ, ബാലതാരം മാളവിക നായര്‍, മികച്ച ഗായിക ശ്രേയാ ഘോഷാല്‍, മികച്ച ഗായകന്‍ സുദീപ് കുമാര്‍ എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി. എം. മോഹന്‍ (കഥാകൃത്ത്), എം.ജെ. രാധാകൃഷ്ണന്‍ (ഛായാഗ്രാഹകന്‍), ബോബി, സഞ്ജയ് (തിരക്കഥാകൃത്തുകള്‍) എന്നിവരാണ് മറ്റ് പുരസ്‌കാര ജേതാക്കള്‍.
സാധാരണക്കാരന്റെ കലയായ സിനിമയെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു. അവാര്‍ഡ് തുക വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ത്യയൊട്ടുക്കും ആരാധകരുള്ള ശ്രേയാ ഘോഷാലിനേക്കാളും മികച്ച നടനുള്ള അവാര്‍ഡ് നേടിയ ദിലീപിനെക്കാളും ഏവരുടേയും ശ്രദ്ധാ കേന്ദ്രമായത് ശ്വേതാ മേനോനും മകള്‍ സബൈനയുമായിരുന്നു.
ബ്ലസിയുടെ പുതിയ ചിത്രത്തില്‍ ശ്വേതയുടെ ഗര്‍ഭകാലവും പ്രസവവും ചിത്രീകരിച്ചതോടെയാണ് സബൈന ശ്രദ്ധ നേടിയത്. ക്ലാപ് ബോര്‍ഡിന്റെ ശബ്ദം കേട്ടാണ് തന്റെ കുഞ്ഞ് വളരുന്നതെന്ന് ഗര്‍ഭകാലത്ത് ശ്വേത പറഞ്ഞിരുന്നു.
ഫോട്ടോ രാം കുമാര്‍