| Thursday, 17th April 2014, 12:43 pm

സേവനാവകാശ നിയമം നടപ്പാക്കുന്നതില്‍ കേരളം സമ്പൂര്‍ണ്ണ പരാജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിലുണ്ടാകുന്ന കാലതാമസം ഇല്ലാതാക്കാനും അഴിമതി തടയാനും ഉദ്ദേശിച്ച് രൂപം നല്‍കിയ സോവനാവകാശ നിയമം നടപ്പാക്കുന്നതില്‍ സംസ്ഥാനം പൂര്‍ണ പരാജയം. ഏറെ പരസ്യങ്ങളും പ്രചാരണങ്ങളുമായാണ് കേരളത്തില്‍ നിയമം കൊണ്ടുവന്നത്.

കഴിഞ്ഞ കേരളപിറവി ദിനമായ നവംബര്‍ ഒന്നിനായിരുന്നു കോരളത്തില്‍ നിയമം പ്രാബല്യത്തില്‍ വന്നത്. നിയമം പ്രാബല്യത്തില്‍ വന്ന് ആറുമാസം കഴിഞ്ഞിട്ടും വിവിധ അപേക്ഷകള്‍ വകുപ്പുകളില്‍ കെട്ടിക്കിടക്കുകയാണ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ അടുത്തിടെ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായിരുന്നു. കൊല്ലം നഗരസഭയില്‍ പെന്‍ഷനുള്ള 194, കോട്ടയം കുറിച്ചി പഞ്ചായത്തില്‍ 189, മണ്ണാര്‍ക്കാട് പഞ്ചായത്തില്‍ 64 അപേക്ഷകളും തീര്‍പ്പാകാതെ കിടക്കുന്നതായി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കണ്ടെത്തിയിരുന്നു. പരിശോധന നടത്തിയ 60 തദ്ദേശ ഭരണ സ്ഥാപനങ്ങളിലും നിരവധി വീഴ്ചകളും കണ്ടെത്തിയിരുന്നു.

പെന്‍ഷന്‍ അപേക്ഷകള്‍, ഭൂമിയുടെ കൈവശാവകാശ രേഖ, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ യഥാസമയം ലഭ്യമാക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ് സേവനാവകാശ നിയമം.
സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയ പരിധി കഴിഞ്ഞാല്‍ ഓരോ ദിവസവും 250 രൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും പരമാവധി 5,000 രൂപ വരെ പിഴയും അയ്യായിരം രൂപയെന്ന പരിധിക്കു ശേഷം മറ്റ് നടപടികളും സ്വീകരിക്കണമെന്നതാണ് നിയമത്തിലെ വ്യവസ്ഥകള്‍.

സേവനാവകാശ നിയമം നടപ്പാക്കുന്ന പതിമൂന്നാമത്തെ സംസ്ഥാനമാണ് കേരളം. നിയമം നടപ്പാക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെടുമ്പോള്‍ ആദ്യം നിയമം കൊണ്ടുവന്ന മധ്യപ്രദേശിലും കേരളത്തിനൊപ്പം നടപ്പാക്കിയ കര്‍ണാടകത്തിലും മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിള്‍നാട്ടിലും നിയമം മികച്ച പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more