| Tuesday, 21st February 2023, 2:18 pm

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ഇനി സ്മാര്‍ട്ടാകും; പരിഷ്‌കരണത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സും ആര്‍.സി ബുക്കും ഇനി സ്മാര്‍ട്ടാകും. ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണത്തിനുളള സ്റ്റേ നീക്കിക്കൊണ്ട് ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിറക്കി. പി.വി.സി. പെറ്റ് ജി കാര്‍ഡില്‍ ലൈസന്‍സ് നല്‍കാനുള്ള നടപടിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

മൈക്രോ ചിപ്പ് ഘടിപ്പിച്ച് സ്മാര്‍ട്ട് കാര്‍ഡ് ഡ്രൈവിംങ് ലൈസന്‍സ് നല്‍കാനുളള തീരുമാനം മാറ്റിയെന്ന് സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ.ടി.ഐ. ബെംഗളൂരുമായി പി.വി.സി. കാര്‍ഡ് നിര്‍മാണത്തില്‍ ചര്‍ച്ച തുടരാന്‍ കോടതി അനുമതി നല്‍കി.

പുതിയ കാര്‍ഡ് നിര്‍മാണത്തിന് അനുമതി നല്‍കുമ്പോള്‍ ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പ്രസ്തുത വിലക്ക് നീക്കിക്കൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് ഉത്തരവിട്ടതോടെ ഇക്കാര്യത്തില്‍ 2006 മുതലുള്ള നിയമ തടസമാണ് നീങ്ങിയത്.

2019 ജനുവരി മുതല്‍ കേരളത്തിലെ എല്ലാ ആര്‍.ടി.ഒ. കേന്ദ്രങ്ങളിലും സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കാര്‍ഡ് പ്രിന്റിങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സ്റ്റേ വന്നതോടെ വിതരണം തടസപ്പെടുകയായിരുന്നു. അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ സ്മാര്‍ട്ട് ലൈസന്‍സുകള്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

ഈ സ്‌റ്റേ മാറിക്കിട്ടുന്നതോടെ മറ്റ് സംസ്ഥാനങ്ങളിലേപ്പോലെ കേരളത്തിലും സ്മാര്‍ട്ട് കാര്‍ഡുകള്‍ ലഭ്യമാകും.

സ്വകാര്യ കമ്പനിയായ റോസ്‌മൊര്‍ട്ട കമ്പനിയുടെ എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതിയുടെ തീരുമാനം. ഇക്കാര്യത്തില്‍ 2006 മുതലുള്ള നിയമ തടസമാണ് ഡിവിഷന്‍ ബെഞ്ച് നീക്കിയത്.

CONTENT HIGHLIGHT: State driving license will now be smart; High Court lifts stay on reforms

Latest Stories

We use cookies to give you the best possible experience. Learn more