ന്യൂദല്‍ഹി: തൊള്ളായിരത്തിലധികം പേര്‍ കൊല്ലപ്പെട്ട മുംബൈ കലാപകേസുകളിലെ പ്രതികളെ ശിക്ഷിക്കുക പോലും ചെയ്യാത്ത ഭരണകൂടം യാക്കൂബ് മേമനെ പ്രോസിക്യൂട്ട് ചെയ്യുന്നതില്‍ അമിതാവേശം കാണിച്ചതായി ജസ്റ്റിസ് ശ്രീകൃഷ്ണ. കലാപക്കേസുകളില്‍ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടായിട്ട് പോലും അന്വേഷിക്കേണ്ടതില്ലെന്ന ഉദാസീനമായ നിലപാടാണ് ഭരണം കൂടം സ്വീകരിച്ചത്. വിവേചന പൂര്‍വമായ നടപടിയായിരുന്നു ഇതെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് മുംബൈ കലാപക്കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ശ്രീകൃഷ്ണയുടെ വെളിപ്പെടുത്തല്‍.
22 വര്‍ഷം പിന്നിടുന്ന കലാപക്കേസില്‍ കേവലം മൂന്ന് പേരാണ് ശിക്ഷിക്കപ്പെട്ടത്. എന്നാല്‍ 93ലെ സ്‌ഫോടനക്കേസുകളില്‍ നൂറിലധികം പേരാണ് ശിക്ഷിക്കപ്പെട്ടത്. അതേ സമയം യാക്കൂബ് മേമന്റെ ശിക്ഷ നടപ്പിലാക്കിയതിലൂടെ നിയമപ്രകാരം നീതി നടപ്പിലായെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു.
മുംബൈ കലാപ കേസില്‍ ജസ്റ്റിസ് ശ്രീകൃഷ്ണ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ബാല്‍ താക്കറെ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ പരമാമര്‍ശമുണ്ടായിരുന്നു. കലാപ നാളുകളില്‍ “പടത്തലവനെ” പോലെയായിരുന്നു ബാല്‍താക്കറെയെന്നും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ പരമാര്‍ശമുണ്ടായിരുന്നു. കലാപത്തിനിടെ പലരും പോലീസിന്റെ വെടിയേറ്റാണ് മരണപ്പെട്ടതെന്നതടക്കമുള്ള നിര്‍ണായക വിവരങ്ങളും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഭരണകൂടം ഇടപെട്ട കലാപങ്ങളിലെ ഇരകള്‍ രക്ഷതേടി പുറത്തുള്ള ശക്തികളെ സമീപിക്കുന്നതാണ് മുംബൈ സ്‌ഫോടനത്തില്‍ കണ്ടതെന്നും കേസിലെ തെളിവുകള്‍ കോടതിക്ക് മുമ്പില്‍ കൃത്യമായി ഹാജരാക്കുന്നതിന് പകരം പക്ഷപാതിത്വപരമായി വെളിപ്പെടുത്തുകയും കേസില്‍ അനുകൂല വിധി നേടാനാണ് പ്രോസിക്യൂഷന്‍ ശ്രമിച്ചതെന്നും മറ്റൊരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു.