| Saturday, 23rd July 2022, 4:14 pm

സജീവന്റെ മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: വടകര പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷണം സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന്. വടകര കല്ലേരി താഴേകോലത്ത് പൊന്‍മേരി പറമ്പില്‍ സജീവനാണ് സ്റ്റേഷന് മുമ്പില്‍ കുഴഞ്ഞുവീണ് മരിച്ചത്.

കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഉത്തരമേഖല ഐ.ജി. പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊലീസിന് വീഴ്ച പറ്റിയെന്നാണ് ഉത്തരമേഖല ഐ.ജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്.

മരണ കാരണം ഹൃദയാഘാതമെന്ന പ്രാഥമിക വിവരം മാത്രമാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയുള്‍പ്പെടെ എടുത്ത ശേഷം മാത്രമേ, സംസ്ഥാന പൊലീസ് മേധാവിക്ക് ഐ.ജി റിപ്പോര്‍ട്ട് സമര്‍പ്പിക്കൂ.

അന്വേഷണം തുടങ്ങിയ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പൊലീസ് സര്‍ജനില്‍ നിന്ന് പ്രാഥമിക വിവരശേഖരണം നടത്തിയിട്ടുണ്ട്. സംഭവം നടന്ന വടകര പൊലീസ് സ്റ്റേഷന്‍ പരിസരത്ത് അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും.

നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുമുണ്ട്. സംഭവ സമയത്ത് സജീവന് ഒപ്പമുണ്ടായിരുന്ന അനസ്, ബന്ധു അര്‍ജുന്‍ എന്നിവരുടെ വിശദമായ മൊഴി ഇന്ന് തന്നെ ഉത്തരമേഖല ഐ.ജിയുടെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തും.

സംഭവം നടക്കുമ്പോള്‍ സ്റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങള്‍ സഹിതം ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

സജീവനെയും സുഹൃത്തിനെയും കഴിഞ്ഞ ദിവസം രാത്രി വാഹനാപകടത്തെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യപിച്ചതിന്റെ പേരില്‍ പൊലീസ് മര്‍ദിച്ചെന്നാണ് ആരോപണം. രോഗിയാണെന്ന് പറഞ്ഞിട്ടും സജീവനെ പൊലീസ് മര്‍ദിച്ചെന്നും സ്റ്റേഷന് പുറത്ത് കുഴഞ്ഞ് വീണിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്.

സ്റ്റേഷനില്‍ വെച്ച് തന്നെ സജീവന്‍ നെഞ്ച് വേദനിക്കുന്നു എന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഗ്യാസിന്റെ പ്രശ്നം വല്ലതും ആയിരിക്കും എന്ന് പറഞ്ഞ് പൊലീസ് ഇത് നിസാരവല്‍ക്കരിക്കുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കിയിരുന്നു.

സജീവനെ ആംബുലന്‍സില്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിക്കുകയായിരുന്നു. സജീവനെ മര്‍ദിക്കുന്നത് ചോദ്യം ചെയ്തതിന് തങ്ങള്‍ക്കും പൊലീസ് മര്‍ദനം ഏറ്റെന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ആരോപിക്കുന്നുണ്ട്.

രാത്രിയിലുണ്ടായ വാഹന അപകടത്തെത്തുടര്‍ന്ന് നഷ്ടപരിഹാരത്തെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ റോഡില്‍ ബഹളം ഉണ്ടായിരുന്നു. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിലാണ് കസ്റ്റഡിയില്‍ എടുത്തത് എന്നാണ് പൊലീസ് പറയുന്നത്. മരണത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ ദിവസം മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.

CONTENT HIGHLIGHTS:  State Crime Branch is investigating the death of a youth in Vadakara police custody

We use cookies to give you the best possible experience. Learn more