| Saturday, 15th February 2025, 12:16 pm

തിരുപ്പുറം കുന്നിൽ വേലുമായി പ്രതിഷേധം വേണ്ട; ഭാരത് ഹിന്ദു മുന്നണിയുടെ ഹരജി തള്ളി മദ്രാസ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: മധുരയിലെ തിരുപ്പുറം കുന്നിലെ ദർഗയുമായി ബന്ധപ്പെട്ട സംഭവത്തിൽ വേലുമായി പ്രതിഷേധ യാത്ര നടത്തണമെന്ന ഭാരത് ഹിന്ദു മുന്നണിയുടെ ആവശ്യം തളളി മദ്രാസ് ഹൈക്കോടതി.

തിരുപ്പുറം കുന്നത്ത് നടന്ന സംഭവങ്ങളിൽ ബന്ധപ്പെട്ട കക്ഷികൾക്കിടയിൽ ആർ.ഡി.ഒ മുമ്പാകെ പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ടെന്നും സംഭവങ്ങളെ അപലപിച്ച് ചെന്നൈയിൽ മറ്റൊരു പ്രകടനം നടത്തേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസ് ജി.കെ. ഇളന്തിരയ്യൻ നിരീക്ഷിച്ചു. പൊതു സമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തുന്ന ഒരു തരത്തിലുള്ള പ്രതിഷേധവും സംസ്ഥാനത്തിന് അനുവദിക്കാൻ കഴിയില്ലെന്ന് കോടതി എടുത്തുപറഞ്ഞു. നാനാത്വത്തിൽ ഏകത്വം രാജ്യത്തിന്റെ ശക്തിയാണെന്നും വിവിധ മതങ്ങൾക്കിടയിൽ ഐക്യം നിലനിർത്തേണ്ടത് സർക്കാരിന് ബാധ്യതയാണെന്നും കോടതി നിരീക്ഷിച്ചു.

‘ഇതുവരെ, ഹിന്ദുവും മുസ്‌ലിമും ജൈനരും പരസ്പരം വിശ്വാസങ്ങളിലെ ബഹുമാനിച്ചുകൊണ്ട് സമാധാനപരമായി കുന്നിൻ മുകളിൽ താമസിച്ചു. വാസ്തവത്തിൽ, നാനാത്വത്തിൽ ഏകത്വം നമ്മുടെ രാജ്യത്തിന്റെ ശക്തിയാണ്, എല്ലാ സമുദായങ്ങൾക്കും മതങ്ങൾക്കും ഇടയിൽ സർക്കാർ ഐക്യം നിലനിർത്തേണ്ടതുണ്ട്. അതിനാൽ, ഒരു സമുദായത്തിന്റെയും മതവികാരങ്ങളെയും വിശ്വാസങ്ങളെയും ഒരു തരത്തിലും വ്രണപ്പെടുത്തരുതെന്നും സമാധാനവും ഐക്യവും തകർക്കാൻ ആരെയും അനുവദിക്കരുതെന്നും സർക്കാർ ഉറപ്പാക്കണം, ‘ കോടതി പറഞ്ഞു.

തിരുപ്പുറം കുന്ന് പ്രദേശത്തെ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനായി ഫെബ്രുവരി 18ന് ചെന്നൈയിലെ എഗംബരശ്വരർ ക്ഷേത്രത്തിൽ നിന്ന് ശ്രീ മുത്തുകുമാരസ്വാമി കോവിൽ ദേവസ്ഥാനം രസപ്പ സ്ട്രീറ്റിലേക്ക് ഒരു വേൽ വഹിച്ചുകൊണ്ട് ഘോഷയാത്ര നടത്താൻ അനുവാദം ചോദിച്ചുകൊണ്ട് ഹരജി ഫയൽ ചെയ്തിരുന്നു. വടക്കൻ ചെന്നൈയിലെ ഭാരത് ഹിന്ദു മുന്നണി ഡെപ്യൂട്ടി ജില്ലാ പ്രസിഡന്റ് എസ്. യുവരാജാണ് ഹരജി ഫയൽ ചെയ്തത്.

കാശിവിശ്വനാഥർ ക്ഷേത്രവും സിക്കന്ദർ ദർഗയും സ്ഥിതി ചെയ്യുന്ന തിരുപ്പുറം കുന്നിൽ ഒരു കൂട്ടം വ്യക്തികൾ മാംസാഹാരം കഴിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വലിയ വിവാദത്തിന് കാരണമായി, ഇതിനെതിരെ ഹിന്ദു സംഘടനകൾ രംഗത്തെത്തി.

സാമുദായിക ഐക്യം ഉറപ്പാക്കുന്നതിനായി ജില്ലാ കളക്ടർ പ്രദേശത്ത് രണ്ട് ദിവസത്തേക്ക് (ഫെബ്രുവരി മൂന്ന് ,നാല് ) നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുപ്പുറം കുന്ദ്രം ക്ഷേത്രത്തിലേക്ക് പൊതുജനങ്ങൾ വരരുതെന്ന് അറിയിച്ചുകൊണ്ട് പൊലീസ് ഒരു പത്രക്കുറിപ്പും പുറത്തിറക്കി. പ്രതിഷേധങ്ങൾക്കായി പൊതുജനങ്ങളെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകരുതെന്നും ക്ഷേത്രത്തിന് സമീപമുള്ള കടകളും ഹാളുകളും അടച്ചിടണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

പിന്നാലെയാണ് ഘോഷയാത്ര നടത്തണമെന്ന ആവശ്യവുമായി ഭാരത് ഹിന്ദു മുന്നണിയെത്തിയത്. ഘോഷയാത്ര നടത്തുന്നതിനുള്ള അവരുടെ നിവേദനങ്ങൾ അധികാരികൾ പരിഗണിക്കാതിരുന്നതിനാൽ ഹരജിക്കാർ ഹൈക്കോടതിയെ സമീപിച്ചു.

എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഘോഷയാത്രകൾ നടത്താൻ ഹിന്ദു മുന്നണിക്ക് അനുമതി നൽകിയപ്പോൾ, കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും, അതിന് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വംശത്തിന്റെയും മതത്തിന്റെയും പേരിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന പ്രസംഗങ്ങൾ നടത്തുന്നത് വ്യത്യസ്ത മതങ്ങൾ തമ്മിലുള്ള ഐക്യം നിലനിർത്തുന്നത് ഇല്ലാതാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഘോഷയാത്ര നടത്താനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.

Content Highlight: State Can’t Permit Protests Which Disrupt Public Peace & Tranquility: Madras High Court Dismisses Bharath Hindu Munnani’s Plea

Latest Stories

We use cookies to give you the best possible experience. Learn more