തിരുവനന്തപുരം: ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വെച്ച് ജന സമ്പര്‍ക്ക പരിപാടികളുമായി ബി.ജെ.പി. ഇതിനായി ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിച്ച് ആശംസയര്‍പ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. അതോടൊപ്പം മതനേതാക്കന്മാരെയടക്കം സന്ദര്‍ശിച്ച് ചര്‍ച്ച നടത്താനും തീരുമാനമുണ്ട്. ബി.ജെ.പി നേതൃത്വത്തില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ പദ്ധതിയുമായി പാര്‍ട്ടി രംഗത്തെത്തിയിരിക്കുന്നത്.
കേരളത്തിലെ പ്രധാന ന്യൂനപക്ഷമെന്ന നിലയില്‍ ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് ബി.ജെ.പിയുടെ ഭവന സമ്പര്‍ക്കമെന്നാണ് ആരോപണമുയരുന്നത്.
വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ക്രൈസ്തവ സഭകളെയും ജനങ്ങളെയും പാര്‍ട്ടിയിലേക്കടുപ്പിക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ജനസമ്പര്‍ക്ക പരിപാടിയുമായി സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
അതേസമയം ബി.ജെ.പിയുടെ നീക്കത്തിനെതിരെ ക്രൈസ്തവ സംഘടനകള്‍ക്കിടിയല്‍ തന്നെ വിമര്‍ശനമുയരുന്നുണ്ട്. ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളില്‍ ബി.ജെ.പിയുടെ നിശബ്ദ പിന്തുണയുണ്ടെന്ന ആരോപണവുമായി ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ രംഗത്തെത്തി. ദല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവരോടുള്ള ബി.ജെ.പി സമീപനം എന്താണെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭാഗത്ത് ക്രിസ്തീയ സഭകളുടെ പള്ളികള്‍ ആക്രമിക്കപ്പെടുകയാണെന്നും അതിനെ അപലപിക്കാന്‍ ബി.ജെ.പി തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ബി.ജെ.പിയുടെ പ്രീണന നയത്തെ ക്രിസ്ത്യാനികള്‍ സംശയത്തോടെ കാണുന്നതില്‍ തെറ്റ് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് ജന സമ്പര്‍ക്ക പരിപാടികള്‍ ആവിഷ്‌കരിച്ചതായി ബി.ജെ.പി നേരത്തെ അറിയിച്ചിരുന്നു. പെരുന്നാളിന് മുസ്‌ലിം വീടുകളും ക്രിസ്തുമസ് ഈസ്റ്റര്‍ ദിനങ്ങളില്‍ കൃസ്ത്യന്‍ വീടുകളും സന്ദര്‍ശിക്കാനായിരുന്നു പാര്‍ട്ടി തീരുമാനം.
Content Highlight: state bjp visiting Christian homes in kerala