| Friday, 19th February 2021, 10:50 am

ശോഭാസുരേന്ദ്രനെ തള്ളി ബി.ജെ.പി, കടുത്ത അച്ചടക്ക ലംഘനമെന്ന് വിലയിരുത്തല്‍, മാധ്യമങ്ങളോട് കയര്‍ത്ത് സുരേന്ദ്രനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സെക്രട്ടറിയേറ്റിന് മുന്‍പില്‍ നടത്തിയ ഒറ്റയാള്‍ സമരവും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന ശോഭാ സുരേന്ദ്രന്റെ പ്രഖ്യാപനവും കടുത്ത അച്ചടക്ക ലംഘനമെന്ന വിലയിരുത്തലില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം.

സ്ഥാനാര്‍ത്ഥികളെ അന്തിമമായി തീരുമാനിക്കുന്നത് കേന്ദ്രനേതൃത്വമാണെന്ന് അറിഞ്ഞുകൊണ്ട് ശോഭാ സുരേന്ദ്രന്‍ പരസ്യപ്രതികരണം നടത്തിയത് പാര്‍ട്ടിയോടുള്ള വെല്ലുവിളിയായാണ് സംസ്ഥാനം നേതൃത്വം വിലയിരുത്തിയത്. ബി.ജെ.പിയില്‍ ഭിന്നത തുടരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമവും ഇതിന് പിന്നിലുണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിഗമനം.

അതേപോലെ തന്നെ സെക്രട്ടറിയേറ്റിന് മുന്നില്‍ പാര്‍ട്ടിയുടെ പിന്തുണയില്ലാതെ ഒറ്റയാള്‍ സമരം നടത്തുന്നതും പാര്‍ട്ടിയോടുള്ള തുറന്ന യുദ്ധമായാണ് നേതൃത്വം കണക്കാക്കുന്നത്. ശോഭയുടെ സമരത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന സുരേന്ദ്രന്റെ പ്രസ്താവനയും ഇത് തന്നെയാണ് വെളിവാക്കുന്നത്.

ശോഭാസുരേന്ദ്രന്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണല്ലോ എന്ന ചോദ്യത്തിന് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് കേന്ദ്രനേതൃത്വമാണെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഈ പ്രസ്താവനയിലൂടെ ശോഭയുടെ നിലപാടിനോടുള്ള എതിര്‍പ്പ് അറിയിക്കുകയായിരുന്നു സുരേന്ദ്രന്‍.

അതേസമയം ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ കണ്ടിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതിലുള്ള നിരാശയാണ് ശോഭാ സുരേന്ദ്രനെ കൊണ്ട് പരസ്യനിലപാടിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. മോദിയെ കണ്ട് പരാതി പറഞ്ഞത് ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയോടും കേരളത്തിന്റെ ചുമതലയുള്ള ബി.എല്‍ സന്തോഷിനോടുമുള്ള വെല്ലുവിളിയായാണ് സംസ്ഥാന നേതൃത്വവും കാണുന്നത്. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

അതിനിടെ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി മഹിളാ മോര്‍ച്ചാ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്മിതാ മേനോന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമങ്ങളോട് കയര്‍ക്കുകയായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ആര് പോകണം, പോകണ്ട എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും അതില്‍ മാധ്യമങ്ങള്‍ക്കെന്താണ് കാര്യമെന്നുമായിരുന്നു സുരേന്ദ്രന്റെ ചോദ്യം. നിങ്ങള്‍ നിങ്ങള്‍ക്ക് തോന്നുന്നത് വാര്‍ത്ത കൊടുക്കുമെന്നും അതേപ്പറ്റിയൊന്നും പ്രതികരിക്കാനാവില്ലെന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

ശോഭാ സുരേന്ദ്രന്റെ പ്രതികരണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് തന്നെ അറിയിട്ടില്ലെന്നും മാധ്യമങ്ങള്‍ പറഞ്ഞാണ് താന്‍ അറിഞ്ഞതെന്നുമായിരുന്നു സുരേന്ദ്രന്റെ മറുപടി. ശോഭാ സുരേന്ദ്രന്റെ സമരപ്പന്തല്‍ സന്ദര്‍ശിക്കല്‍ അപ്രായോഗികമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: State BJP against Shobha Surendran

We use cookies to give you the best possible experience. Learn more